വയനാട്: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വയനാട്ടിൽ. രാവിലെ മേപ്പാടിയിൽ എത്തിയ അദ്ദേഹം ഉരുൾപൊട്ടൽ ഉണ്ടായ മേഖലകൾ സന്ദർശിച്ചു. ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ പ്രദേശങ്ങളിൽ ആയിരുന്നു സുരേഷ് ഗോപി എത്തിയത്. പ്രകൃതിദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള നിയമവശങ്ങൾ പരിശോധിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നൽകി.
ആദ്യം ചൂരൽമലയിലാണ് സുരേഷ് ഗോപി എത്തിയത്. ഇവിടെ നിന്നും ബെയ്‌ലി പാലത്തിലൂടെ വാഹനത്തിൽ അദ്ദേഹം മുണ്ടക്കൈയിൽ എത്തി. ഇതിന് ശേഷം പുഞ്ചിരിമട്ടത്തും എത്തി. മൂന്ന് സ്ഥലങ്ങളും സന്ദർശിച്ച അദ്ദേഹം സൈന്യവുമായി രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. ഇതിന് ശേഷം മാദ്ധ്യമങ്ങളോടും അദ്ദേഹം സംസാരിച്ചു.
വയനാടുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെങ്കിൽ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂ. നിലവിൽ ഇവിടുത്തെ സാഹചര്യം കേന്ദ്രസർക്കാർ വിലയിരുത്തുന്നുണ്ട്. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Discussion about this post