ന്യൂഡൽഹി: ഡൽഹിയിൽ യുപിഎസ്‌സി ഉദ്യോഗാർത്ഥി ജീവനൊടുക്കിയത് കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന്. മരിച്ച മഹാരാഷ്ട്ര സ്വദേശിനി അഞ്ജലിയുടെ മുറിയിൽ നിന്നും ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. പരീക്ഷയിൽ തോൽക്കുമോയെന്ന ഭയവും വിജയത്തിനായി നേരിടേണ്ടിവരുന്ന സമ്മർദ്ദവുമാണ് അഞ്ജലിയെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.
കഴിഞ്ഞ മാസം 21 നായിരുന്നു കിടപ്പുമുറിയ്ക്കുള്ളിൽ ജീവനൊടുക്കിയ നിലയിൽ അഞ്ജലിയെ കണ്ടത്. സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പരിശീലനം നേടിവരികയായിരുന്നു പെൺകുട്ടി. നേരത്തെ നിരവധി തവണ പെൺകുട്ടി പരീക്ഷ എഴുതിയിരുന്നു. എന്നാൽ തോൽക്കുകയായിരുന്നു.
സിവിൽ സർവ്വീസ് വിജയത്തിന് വേണ്ടിയുള്ള പ്രയത്‌നം തന്റെ ജീവിതത്തിലെ സന്തോഷം നശിപ്പിച്ചതായി അഞ്ജലി ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അഞ്ജലിയുടെ ആത്മഹത്യാക്കുറിപ്പ് ആരംഭിക്കുന്നത്. പ്രശ്‌നങ്ങളും സമ്മർദ്ദവും നിറഞ്ഞ ഈ ജീവിതം മടുത്തിരിക്കുന്നു. എനിക്ക് സമാധാനം വേണം. ഈ മാനസിക സമ്മർദ്ദത്തിൽ നിന്നും പുറത്ത് കടക്കാൻ ഏറെ പരിശ്രമിച്ചു. എന്നാൽ കഴിയുന്നില്ല. ആദ്യ ശ്രമത്തിൽ തന്നെ പരീക്ഷയിൽ വിജയിക്കണം എന്നായിരുന്നു ആഗ്രഹം. അതിന് കഴിഞ്ഞില്ല. ഇതിന് ശേഷം തന്റെ മാനസിക നില എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാവുന്നത് അല്ലെ. പഠനത്തിനായുള്ള സാമ്പത്തിക ബാദ്ധ്യതയും തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും അഞ്ജലി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post