വയനാട് : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിൽ തിരച്ചിലിന് പോയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങിയതായി റിപ്പോർട്ട്. സൂചിപ്പാറയ്ക്ക് സമീപം കാന്തപ്പാറയിലാണ് സംഘം കുടുങ്ങിയത് എന്നാണ് പ്രാഥമിക വിവരം. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെ എത്തിച്ച് നൽകാനും എയർലിഫ്റ്റ് വഴി രക്ഷപ്പെടുത്താനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
എമർജൻസ് റസ്‌ക്യു ഫോഴ്സിന്റെ 14 പ്രവർത്തകർ, ടീം വെൽഫയറിന്റെ രക്ഷാപ്രവർത്തകരായ നാലുപേർ എന്നിവരാണ് ഉൾവനത്തിൽ കുടുങ്ങിയത്. സംഘത്തിലുള്ളവരെ വയർലെസ് സെറ്റ് വഴി ബന്ധപ്പെടാൻ സാധിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനും കഴിയുന്നില്ല എന്നാണ് വിവരം. പ്രദേശത്ത് നിന്ന് കണ്ടെത്തിയ മൃതദേഹങ്ങൾ ഉൾപ്പെടെ കൊണ്ടുവരാൻ സാധിക്കാത്ത അവസ്ഥയാണ്.
ചാലിയാർ പുഴ വനത്തിലൂടെ ഒഴുകുന്ന പ്രദേശങ്ങളിൽ മൃതദേഹങ്ങൾക്കായി രക്ഷാപ്രവർത്തക സംഘം തിരച്ചിൽ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സംഘം ഇന്ന് രാവിലെയോടെ തിരച്ചിലിന് പോയത്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ഈ പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ചാലിയാറിലൂടെ ഒഴുകിയെത്തുന്ന കല്ലുകൾക്കും മരങ്ങൾക്കും ഇടയിലാണ് മൃതദേഹങ്ങളും ശരീരഭാഗങ്ങളും കിടക്കുന്നത്..
ഇന്നലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ മൂന്ന് രക്ഷാപ്രവർത്തകരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു. ഇവരെയും അത്തരത്തിൽ രക്ഷപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
Discussion about this post