മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സിനെ ചുറ്റിപ്പറ്റി പുതിയ വിവാദങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബിൽ ഗേറ്റ്‌സ് സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു എന്ന് എഴുത്തുകാരിയായ അനുപ്രീത ദാസ് തന്റെ പുസ്തകത്തിൽ ആരോപിച്ചു. വനിതാ പ്രവർത്തകർക്കും ഇന്റേണുകൾക്കുമൊപ്പം ബിൽ ഗേറ്റ്‌സ് തനിച്ചിരിക്കുന്നതിന് വിലക്കുണ്ടായിരുന്നു എന്ന തരത്തിലുള്ള ആരോപണങ്ങളാണ് ഉയരുന്നത്.
ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുന്നിൽ നിന്നിട്ടും തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സഹപ്രവർത്തകരോടും ഇന്റേണുകളോടും മോശമായ രീതിയിൽ പെരുമാറിയ വ്യക്തിയെക്കുറിച്ചാണ് പുസ്തകത്തിൽ പരാമർശിക്കുന്നത്.
ബിൽഗേറ്റ്‌സിന്റെ വിവാഹ ജീവിതത്തെ ഇത് കാര്യമായി ബാധിച്ചിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്. ഭാര്യ മെലിന്റ ഫ്രഞ്ച് ഗേറ്റ്‌സിന് ബിൽ ഗേറ്റ്‌സിനെ സംശയം ഉണ്ടായിരുന്നതായും അതിനാൽ അദ്ദേഹത്തിന്റെ സ്വകാര്യ നമ്പറും മറ്റും ആർക്കും കൊടുക്കാൻ സമ്മതിച്ചിരുന്നില്ലെന്നും പുസ്തകത്തിൽ സൂചിപ്പിക്കുന്നു. ദമ്പതികൾ ബന്ധം വേർപിരിയാനുള്ള പ്രധാന കാരണം ഇതാണെന്നും പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്നാൽ ബിൽ ഗേറ്റസുമായി അടുത്ത് ബന്ധമുള്ള വ്യക്തികളെല്ലാം തന്നെ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു. ബിൽ ഗേറ്റ്‌സ് സ്ത്രീകളെ ഇരയാക്കുകയോ, അവരോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുകയോ ചെയ്യുന്ന വ്യക്തിയല്ല എന്ന് മൈക്രോസോഫ്റ്റ് മുൻ എക്‌സിക്യൂട്ടീവ് പറഞ്ഞു. അദ്ദേഹം ഹാർവെ വെയ്ൻസ്റ്റീൻ അല്ല, അദ്ദേഹത്തിനൊപ്പം കിടക്ക പങ്കിട്ട ആർക്കും ഒന്നും കിട്ടിയതായി തനിക്ക് അറിയില്ലെന്നും മുൻ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.
എവിടെ നിന്നൊക്കെയോ ലഭിച്ച വിവരങ്ങളും അജ്ഞാത ഉറവിടങ്ങളും ആശ്രയിച്ചാണ് അനുപ്രീത ദാസ് പുസ്തകത്തിൽ പലതും എഴുതിവെച്ചിരിക്കുന്നത് എന്ന് ബിൽ ഗേറ്റ്‌സിന്റെ വക്താവ് ആരോപിച്ചു. തങ്ങളുടെ ഓഫീസ് എഴുത്തുകാരിക്ക് നൽകിയ യഥാർത്ഥ ഡോക്യുമെന്റുകളും വസ്തുതകളും മറച്ചുവെച്ചുകൊണ്ടാണ് ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post