മുംബൈ: ബിസിനസ് ലോകത്തെ അധിപന്മാരിൽ ഒരാളാണ് അദാനി ഗ്രൂപ്പിന്റെ ചെയർമാൻ ഗൗതം അദാനി. ഒരായുഷ്‌കാലം കൊണ്ട് അദ്ദേഹം സ്വന്തമാക്കിയത് 17,85000 കോടിയുടെ സമ്പാദ്യമാണ്. ലോകത്തെ അതിസമ്പന്നന്മാരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അദാനി ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തത്. ലോകത്തെ തന്നെ വലിയ സാമ്പത്തിക ശക്തിയായി അദാനി ഗ്രൂപ്പ് മാറുമ്പോൾ തലതൊട്ടപ്പനായ അദാനി വിശ്രമ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന പുതിയ വിവരം.
ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദാനി തന്റെ റിട്ടയർമെന്റ് പദ്ധതികളെക്കുറിച്ച് പറഞ്ഞത്. നിലവിൽ 62 ആണ് അദാനിയുടെ പ്രായം. 70ാം വയസ്സിൽ തന്റെ സാമ്രാജ്യം പിൻതലമുറയെ ഏൽപ്പിച്ച് വിശ്രമ ജീവിതം തുടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
നമ്മുടെ ബിസിനസിന്റെ സ്ഥിരതയ്ക്കായി ഏറ്റവും പ്രധാനപ്പെട്ടതാണ് വിജയം. താൻ നയിക്കുമ്പോൾ ബിസിനസിൽ ഈ വിജയങ്ങൾ ഉണ്ടായിരുന്നു. ഇനി രണ്ടാം തലമുറയിലേക്ക് ഇതിന്റെ ഉത്തരവാദിത്വം താൻ പകരുകയാണ്. നാല് പേർക്കാണ് തന്റെ സാമ്രാജ്യത്തെ നയിക്കാനുള്ള ഉത്തരവാദിത്വം ഏൽപ്പിക്കുന്നത്. തന്റെ മക്കളായ രണ്ട് പേരും, അർദ്ധ സഹോദരന്മാരുമാണ് ഇനി തന്റെ ബിസിനസുകളുടെ അവകാശികൾ. അർദ്ധ സഹോദരങ്ങൾക്ക് തങ്ങളുടെ പാരമ്പര്യ സ്വത്തുക്കളിൽ അവകാശം ഉണ്ട്. അതിനാലാണ് ഇവർക്കും ഒരു ഭാഗം നൽകുന്നത് എന്നും അദാനി വ്യക്തമാക്കി.
കരൺ അദാനി, ജീത് അദാനി എന്നിവരാണ് അദാനിയുടെ മക്കൾ. നിലവിൽ അദാനി പോർട്ടുകളുടെ ചുമതല കരൺ അദാനിയ്ക്കാണ്. അദാനി വിമാനത്താവളങ്ങളുടെ ചുമതല ജീത് അദാനിയ്ക്കാണ് നൽകിയിരിക്കുന്നത്. അദാനിയുടെ അർദ്ധ സഹോദരങ്ങളിൽ ഒരാളായ പ്രണവ് അദാനി അദാനി എന്റർപ്രൈസിന്റെ ഡയറക്ടർ ആണ്. സാഗർ അദാനിയാകട്ടെ അദാനി ഗ്രീൻ എനർജിയുടെ ഡയറക്ടറുമാണ്. അദാനി ബിസിനസ് ലോകം ഉപേക്ഷിക്കുന്നതോടെ ഇരുവരെയും ചെയർമാനുമാരുടെ സ്ഥാനങ്ങളിലേക്ക് നിയമിക്കും എന്നാണ് റിപ്പോർട്ടുകൾ.
Discussion about this post