തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉണ്ടായ വയനാട് കേന്ദ്രസർക്കാർ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങളെ പുകഴ്ത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. പാർലമെന്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വയനാട്ടിലെ ദുരന്തത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. താൻ ഇതെല്ലാം പറയുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടാണെന്നും അദ്ദേഹം പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശക്തിധരന്റെ പ്രതികരണം. വയനാട്ടിലെ ദുരന്തത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടാണെന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ഓരോ സർക്കാരും ഓരോ കാലത്ത് എന്തൊക്കെ ചെയ്തു എന്നതിൽ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ മാർക്ക് ചെല്ലുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാവുമെന്ന് ശക്തിധരൻ പറഞ്ഞു. അതുകൊണ്ടാണ് പതിവിന് വിപരീതമായി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തെ പുകഴ്ത്തിയത്. അമിത് ഷാ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം വായിക്കാൻ ഇടയായി. അദ്ദേഹം അപ്പറഞ്ഞത് സത്യമാണെങ്കിൽ നമ്മൾ മാപ്പ് പറയണം. അവരെ കൊലയ്ക്ക് കൊടുത്തത് ആരാണ്. അമിത് ഷായുടെ പ്രസംഗം ക്ഷമയോടെ കേൾക്കുക. എന്നിട്ട് തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മറ്റേതോ ഗ്രഹത്തിൽ
കഴിയുന്ന 221
പ്രാണനുകളോട്!
ഞാനൊരു ബിജെപി ഭക്തനോ ആ പാർട്ടിയുടെ ആശയസംഹിതകളോട് ഏതെങ്കിലും തരത്തിൽ ആഭിമുഖ്യം പുലർത്തുന്നയാളോ അല്ല എന്നത് തുറന്ന് തന്നെ പറയട്ടെ. എന്നാൽ എനിക്ക് പക്ഷമുണ്ട്, പക്ഷപാതമുണ്ട്. അത് ജനപക്ഷമാണ്.
എന്നാൽ വയനാട് മഹാദുരന്തം എന്റെയും കണ്ണ് തുറപ്പിച്ചിരിക്കുകയാണ് .
ദുരന്തനിവാരണത്തിൽ ഓരോ സർക്കാരും ഓരോ കാലത്ത് എന്തൊക്കെ ചെയ്തു എന്നതിൽ കണക്കെടുപ്പ് നടത്തിയാൽ ഏറ്റവും കൂടുതൽ മാർക്ക് ചെല്ലുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാവും എന്നതിൽ രണ്ടഭിപ്രായത്തിന് കാര്യമില്ല. ഇപ്പോഴുണ്ടായ വയനാട് ദുരന്തം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായിവിജയൻ ഇന്നലെ പ്രസംഗിച്ചതും വേറിട്ട അനുഭവമാണ്. ചിലപ്പോൾ സ്വന്തം പരിമിതികൊണ്ടാണോ അങ്ങിനെ പറയേണ്ടിവന്നത് എന്നത് എനിക്കറിയില്ല.
എന്തായാലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമണ്ടിൽ സമചിത്തത കൈവിടാതെ ഒരുമണിക്കൂറോളം സമയം നടത്തിയ പ്രസംഗം വള്ളി പുള്ളി വിടാതെ വായിക്കാനിടയായി. അതിന്റെ പൂർണ്ണരൂപം മലയാളത്തിൽ യുടുബിൽ ഉണ്ട്. അതിലെ പ്രസക്തഭാഗത്തിന്റെ നാലിലൊന്നെങ്കിലും സത്യമെങ്കിൽ വായനാട്ടിലെ ഹത്യഭാഗ്യരുടെ ഓർമ്മകളുടെ മുന്നിൽ നമ്മൾ മാപ്പ് പറയണം. അവരെ കൊലയ്ക്ക് കൊടുത്തത് ആരാണ്? വെളുക്കചിരിച്ചിട്ടു കാര്യമില്ല. ഇത് എന്ത് ക്രൂരതയാണ്? മാപ്പാർഹിക്കാത്ത സാഡിസം?
ഞാൻ വിധികർത്താവ് ആകുന്നില്ല. അമിത് ഷായുടെ പ്രസംഗം ക്ഷമയോടെ കേൾക്കുക. എന്നിട്ട് സ്വയം തീരുമാനങ്ങൾ എടുക്കുക. പ്രസംഗം ലഭിക്കുന്ന ലിങ്ക് ഇതോടൊപ്പം . ഒരു ആഭ്യർഥനമാത്രം എന്നെ സംഘി ആക്കരുതേ
Discussion about this post