തിരുവനന്തപുരം: ഉരുൾപ്പൊട്ടൽ തകർത്തെറിഞ്ഞ വയനാടിന്റെ പുനർനിർമ്മാണത്തിനായി സർക്കാർ ജീവനക്കാർക്കിടയിൽ സാലറി ചലഞ്ച് നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിർദേശം സർവീസ് സംഘടകളുടെ മുൻപിൽ വെച്ചെന്നും സമവായത്തിലെത്തിയാൽ ചലഞ്ച് നടപ്പാക്കുമെന്നുമാണ് വിവരം. ജീവനക്കാർ സ്വമേധയാ നൽകുന്ന സഹായത്തിനപ്പുറം കൂട്ടായി ഒരു തുക സമാഹരിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം.
ഒന്നോ രണ്ടോ ദിവസത്തെ ശമ്പളമാണെങ്കിൽ ജീവനക്കാരത് നൽകുമെന്നും എന്നാൽ അതിൽകൂടുതൽ ദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചിലൂടെ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോർട്ടുകൾ. അഞ്ചു ദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സർക്കാർ സാലറി ചലഞ്ചിലൂടെ ഉദ്ദേശിക്കുന്നത്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തിൽ നിർദേശമുയർന്നു. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കും
നേരത്തെ പ്രളയസമയത്ത് സാലറി ചലഞ്ചിനെ പ്രതിപക്ഷ സർവീസ് സംഘടനകൾ എതിർക്കുകയും നിയമപോരാട്ടത്തിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ വയനാടിൻറെ കാര്യത്തിൽ എല്ലാവരും ഒപ്പം നിൽക്കുമെന്നാണ് സർക്കാർ പ്രതീക്ഷ.
Discussion about this post