ആലപ്പുഴ : വയനാട് ചൂരൽമല ദുരന്തത്തിന് ഇരയായ പിഞ്ചു കുട്ടിയെ കണ്ടെത്തി ആർമി ഉദ്യോഗസ്ഥൻ നെഞ്ചാട് ചേർത്ത് പിടിച്ച് കുഞ്ഞിനെ കൊണ്ടുവരുന്നത് കണ്ട ആരുടെയും നെഞ്ച് ഒന്ന് പിടയും. അത്രയും വേദനാജനകമായ ഒരു കാഴ്ചയായിരുന്നു അത്. ഇപ്പോൾ പെറ്റമ്മയെ നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞിന് പോറ്റമ്മയാകാൻ തയ്യാറായിരിക്കുകയാണ് പോലീസുദ്യോഗസ്ഥ രശ്മിമോൾ . ഇപ്പോഴിതാ പോലീസ് ഉദ്യോഗസ്ഥക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
പിഞ്ചു കുട്ടിയെ കണ്ടെത്തിയ ആർമി ഉദ്യോഗസ്ഥൻ നെഞ്ചോട് ചേർത്ത് കുഞ്ഞിനെ കൊണ്ടുവരുന്നത് ടിവി ചാനലിൽ കണ്ടു. തന്റെ ഉള്ളു പിടഞ്ഞു പോയെന്ന് പൂച്ചാക്കൽ വടക്കേ മറ്റത്തിൽ രശ്മിമോൾ പറഞ്ഞു. മുലപ്പാൽ മാത്രം കുടിക്കുന്ന ഈ പ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾ, എങ്ങനെ ഈ സാഹചര്യത്തോട് പൊരുത്തപ്പെടുമെന്ന ചിന്ത തന്നെ വല്ലാതെ അലട്ടി.തുടർന്ന് ആറുമാസം വരെ പ്രായമുള്ള കുട്ടിയെ നോക്കാൻ തയ്യാറാണെന്ന് തൃശ്ശൂർ സിറ്റി സൈബർ സ്റ്റേഷനിലെ എഎസ്ഐ അപർണ ലവകുമാറിന് സന്ദേശമയക്കുകയായിരുന്നു.
തൃപ്പൂണിത്തുറ എആർ ക്യാമ്പിലെ ഹവിൽദാറാണ് രശ്മി. പ്രസവാവധിയിൽ ഇപ്പോൾ വീട്ടിലുണ്ട്. വയനാട്ടിലെ ദുരന്തം അറിഞ്ഞപ്പോൾ, മനസിൽ മിന്നി മറഞ്ഞത് തന്റെ നാലര മാസം പ്രായമുള്ള മകൻ അയാൻഷിന്റെ മുഖമാണെന്ന് രശ്മി പറഞ്ഞു. അടുത്തിടെ അമ്മയെ നഷ്ടപ്പെട്ട തനിക്ക് അമ്മയില്ലാത്തതിന്റെ സങ്കടം നന്നായി അറിയാം. 2017 ൽ പോലീസ് സേനയിൽ ചേർന്ന രശ്മിക്ക് അക്ഷയ് എന്ന ഒരു മകൻ കൂടിയുണ്ട്. ഭർത്താവ്, ബിജെപി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് സനീഷ്. രശ്മിയുടെ ഈ തീരുമാനത്തിന് പിന്തുണ നല്കുന്നു എന്നു ഭർത്താവ് പറഞ്ഞു.
Discussion about this post