തിരുവനന്തപുരം: അപൂർവ്വയിനം മത്സ്യത്തെ കണ്ടതിന്റെ അതിശയത്തിൽ വിഴിഞ്ഞം തീരവാസികൾ. സൂര്യമത്സ്യം എന്ന് അറിയപ്പെടുന്ന ഓഷ്യൻ സൺ ഫിഷ് തീരത്തടിഞ്ഞത്. മത്സ്യത്തൊഴിലാളികൾ ഈ മത്സ്യത്തെ കടലിലേക്ക് തന്നെ വിട്ടയച്ചു.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. മീൻ പിടിയ്ക്കാൻ എത്തിയ മത്സ്യത്തൊഴിലാളികൾ ആണ് മത്സ്യത്തെ ആദ്യം കണ്ടത്. പരന്ന് ഉരുണ്ട രൂപമാണ് മത്സ്യത്തിന്. ചെറിയ രണ്ട് ചിറകളുകളും അതിനുണ്ട്. വാലില്ല. മുതുകിൽ മുള്ള് ഉള്ളിലേക്ക് വളഞ്ഞ് പല്ലുകൾ മൂടിയ തരത്തിലാണ് ഇവയുടെ ചുണ്ടുകൾ. കാഴ്ചയിൽ ഭയനാകമായി തോന്നുമെങ്കിലും പാവം മത്സ്യമാണ് ഇത്.
ഉൾക്കടലിലാണ് ഈ മത്സ്യത്തെ പ്രധാനമായി കാണാറുള്ളത്. ജപ്പാൻ, കൊറിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ ഈ സൂര്യ മത്സ്യം ഇഷ്ടവിഭവമാണ്. നമ്മുടെ നാട്ടിൽ ഈ മീനിനെ ഭക്ഷിക്കാറില്ല.
ഒരേ സമയം 30 കോടി മുട്ടകൾ ഇടാൻ ഈ മത്സ്യങ്ങൾക്ക് കഴിവുണ്ട്. 2000 കിലോവരെ ഇവയ്ക്ക് ഭാരവും ഉണ്ടാകാറുണ്ട്. ജെല്ലി ഫിഷുകൾ ആണ് ഇവയുടെ പ്രധാന ആഹാരം.
Discussion about this post