യക്ഷിക്കഥകളുറങ്ങുന്ന…മന, അതാണ് സൂര്യകാലടി മന. കേട്ടാൽ പേടി തോന്നിക്കുന്ന കഥകളേറെയുണ്ട് സൂര്യകാലടി മനയ്ക്ക് പറയാൻ. മനയിലെ ഓരോ തൂണിനും മനപ്പറമ്പിലെ ഓരോ മരത്തിനും പിറകിലെ കാവിനും അതിലെ യക്ഷിപ്പനയ്ക്കും അരികിലായി ഒഴുകുന്ന കവണാറിനുമെല്ലാം സൂര്യകാലടി മനയെ കുറിച്ച് ഒരുപക്ഷേ.. നൂറ് നാവായിരിക്കും… ഹോമകുണ്ഡമണയാത്ത പരദേവതകൾ കുടികൊള്ളുന്ന മന, അതാണ് സൂര്യകാലടി മന.
https://youtu.be/uz9oUCV0Lfc?si=Kr8PZoZORWNoO1yf
വളരെ പണ്ട് തൃശൂർ പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരു ഭട്ടതിരിയും നമ്പൂതിരിയും രണ്ട് അതിസുന്ദരികളായ സ്ത്രീകളെ വഴിയിൽ കണ്ട് മുട്ടി. അവർ ഭട്ടതിരിയെയും നമ്പൂതിരിയെയും തടഞ്ഞ് നിർത്തി തങ്ങളുടെ മനയിലേയ്ക്ക് ക്ഷണിച്ചു. രാത്രിയേറെ ആയെന്നും ഇന്ന് ഇല്ലത്ത് വിശ്രമിച്ചതിന് ശേഷം അടുത്ത ദിവസം മടങ്ങാമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച ഭട്ടതിരിയും നമ്പൂതിരിയും സ്ത്രീകളോടൊപ്പം മനയിലേയ്ക്ക് തിരിച്ചു.
രാത്രി മുറികളിൽ വിശ്രമിക്കുകയായിരുന്ന ഭട്ടതിരിയുടെയും നമ്പൂതിരിയൂടെയും അടുക്കലേയ്ക്ക് സ്ത്രീകൾ എത്തി. എന്നും രാത്രിയിൽ കിടക്കുഒമ്പോൾ നമ്പൂതിരിയ്ക്ക് ദേവി മാഹാത്മ്യം വായിക്കുന്ന ശീലമുണ്ടായിരുന്നു. നമ്പൂതിരിയുടെ മുറിയിലേയ്ക്ക് എത്തിയ സ്ത്രീക്ക് അദ്ദേത്തിന്റെ അടുക്കലേയ്ക്ക് എത്താൻ സാധിച്ചില്ല. ദേവീ മാഹത്മ്യം മാറ്റിവയ്ക്കാൻ സ്ത്രീ പറഞ്ഞതോടെ, നമ്പൂതിരിക്ക് സംശയം തോന്നി. അദ്ദേഹം ഉടൻ തന്നെ ദേവീമാഹാത്മ്യം തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. സുന്ദരി തിരികെ പോയി.
നേരം വെളുത്തപ്പോൾ താൻ മനയിലല്ല, ഒരു പനയിലാണ് ഇരിക്കുന്നതെന്ന സത്യാവസ്ഥ നമ്പൂതിരി തിരിച്ചറിയുകയായിരുന്നു. തൊട്ടടുത്ത് താഴെ ഭട്ടതിരിയുടെ പല്ലും നഖവും മാത്രം കണ്ട്, തങ്ങൾ യക്ഷികളുടെ ചതിയിലകപ്പെട്ടതാണെന്ന് നമ്പൂതിരി തിരിച്ചറിഞ്ഞു.
കാലം കടന്നുപോയി, ഭട്ടതിരിയ്ക്ക് ഒരു മകൻ ജനിച്ചു. അവന്റെ ഉപനയനമായി, ഈ സമയത്താണ്, തന്റെ പിതാവ് എവിടെയാണെന്ന സത്യം അവൻ അമ്മയിൽ നിന്നും അറിയുന്നത്. കോപം പൂണ്ട മകൻ യക്ഷിയെ ഇല്ലാതാക്കുമെന്ന് ശപദം ചെയ്യുന്നു. ഇതിനായി അവൻ സൂര്യനെ തപസു ചെയ്ത് മന്ത്രസിദ്ധി നേടി. സൂര്യഭഗവാൻ നേരിട്ട് നൽകിയ മന്ത്രസിദ്ധി കൊണ്ട് അവൻ യക്ഷിയെ മനയിലേയ്ക്ക് വിളിച്ചു വരുത്തി അവിടുത്തെ ഹോമകുണ്ഡത്തിൽ ഹോമിച്ചു.
സൂര്യനിൽ നിന്നും നേരിട്ട് വരം ലഭിച്ച ഭട്ടതിരിയുടെ മന പിൽക്കാലത്ത് സൂര്യകാലടി മനയെന്ന് അറിയപ്പെടുകയായിരുന്നു. ഓരോ തലമുറയിലേയും ആദ്യത്തെ ആൺകുഞ്ഞ് ഇന്നും സൂര്യനെന്നാണ് ഇവിടെ അറിയപ്പെടുന്നത്. ഗണപതിയാണ് മനക്കാരുടെ ഉപാസന മൂർത്തി. സൂര്യകാലടി മനക്കാർക്ക് ഗണപതി വിളിച്ചാൽ വിളിപ്പുറത്താണെന്നാണ് പറയപ്പെടുന്നത്. മനയുടെ പിറകിലായുള്ള കാവിൽ യക്ഷിയെയും ദേവതയായി കുടിയിരുത്തിയിട്ടുണ്ട്.
കാലമിത്ര കഴിഞ്ഞിട്ടും നാലുകെട്ട് ഇന്നും പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്നത് കാണാം. മുൻപിൽ ഒരു പുതിയ മണ്ഡപം പണിതുയർത്തിയിട്ടുണ്ടെങ്കിലും മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. വരും തലമുറയ്ക്കും നാടിനും കൈമാറാനായി മനയിലെ ഇളമുറക്കാർ പണ്ടുണ്ടായിരുന്നതു പോലെ തന്നെ ഈ സൗധത്തെ സംരക്ഷിച്ചു പോരുന്നുണ്ട്. കഥകൾ പറയാൻ അതിഥികളെ കാത്തിരിക്കുകയാണ് ഇന്നും സൂര്യകാലടി മന.
Discussion about this post