ഇലപ്പക്കുളം: സുഹൃത്തിനെ മർദ്ദിച്ച് ഒന്നരപ്പവന്റെ മാല കവർന്ന പ്രതി പിടിയിൽ. താമരക്കുളം കണ്ണനാകുഴി ശ്രീകൃഷ്ണഭവനിൽ ചിക്കു എന്നുവിളിക്കുന്ന ദീപു(30)വിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഫെബ്രുവരി 16നു രാത്രിയിൽ ഇലിപ്പക്കുളം സ്വദേശി പ്രസാദിന്റെ തട്ടുകടയിൽവെച്ചാണ് കേസിനാസ്പദമായ സംഭവം. വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയ ആകാശിനോട് ചെലവുചെയ്യാൻ സുഹൃത്തായ അരുൺ പൊടിയൻ ആവശ്യപ്പെട്ടു. ഇതിനു വിസമ്മതിച്ചതിനെത്തുടർന്ന് ആകാശിനെ അരുൺപൊടിയൻ,ഗോകുൽ, ദീപു എന്നിവർ ചേർന്ന് മർദിക്കുകയും കഴുത്തിലെ സ്വർണമാല പൊട്ടിച്ചെടുത്ത് കടക്കുകയുമായിരുന്നു.
കേസിൽ രണ്ടും മൂന്നും പ്രതികളായ വള്ളികുന്നം സ്വദേശികളായ ഗോകുൽ (28), അരുൺ പൊടിയൻ (27) എന്നിവരെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാംപ്രതി ദീപു ബൈക്കിൽ സഞ്ചരിക്കവെ വള്ളികുന്നം സംസ്‌കൃത സ്‌കൂളിനുസമീപംവെച്ചാണ് വള്ളികുന്നം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Discussion about this post