നാടോടിക്കഥകളെ പോലും വെല്ലുന്ന ഒരു ദുരൂഹ ദ്വീപ്, ഏതൊരു മനുഷ്യനും വിദൂര സ്വപ്നങ്ങളിൽ പോലും കടന്നുചെല്ലാൻ മടിക്കുന്ന ഭീതിജനകമായ ഒരിടം, അതാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ സ്നേക്ക് ഐലന്റ്. പേര് സൂചിപ്പിക്കുന്നത് പോലെ പാമ്പുകൾ തന്നെയാണ് ഈ ദ്വീപിന്റെ പ്രത്യേകത. ഭയാനകമായ രീതിയിൽ നോക്കുന്നിടത്തെല്ലാം വിഷപ്പാമ്പുകൾ നിറഞ്ഞതും ഒറ്റ മനുഷ്യൻ പോലും കടന്നു ചെല്ലാൻ ധൈര്യപ്പെടാത്തതുമായ ഈ ദുരൂഹദ്വീപ്
ബ്രസീലിന്റെ തീരത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ ആയാണ് സ്ഥിതിചെയ്യുന്നത്. ഇൽഹ ഡ ക്യൂമാഡ ഗ്രാൻഡെ എന്നാണ് ഈ സ്നേക്ക് ഐലൻഡിന്റെ യഥാർത്ഥ പേര്. സമുദ്രനിരപ്പിൽ നിന്ന് 206 മീറ്റർ ഉയരത്തിൽ 106 ഏക്കർ വിസ്തൃതിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.
11,000 വർഷങ്ങൾക്ക് മുൻപാണ് ഈ ദുരൂഹ ദ്വീപ് രൂപപ്പെട്ടത്. അതിനുമുൻപായി തീരത്തോട് ചേർന്ന് നിന്നിരുന്ന ഒരു പ്രദേശം സമുദ്രനിരപ്പ് ഉയർന്നതോടെ ഒറ്റപ്പെട്ട ഒരു ദ്വീപ് ആയി മാറിയെന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. അന്ന് ഈ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ടുപോയ പാമ്പുകൾ പിന്നീട് പെറ്റു പെരുകിയാണ് ഇന്ന് ദ്വീപ് മുഴുവൻ പാമ്പുകളുടേതായി മാറിയത്.
ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തിന്റെ സമുദ്ര തീരത്ത് നിന്നും ഏകദേശം 33 കിലോമീറ്റർ അകലെ ആയാണ് ക്യൂമാഡ ഗ്രാൻഡെ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലാറ്റിനമേരിക്കയിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പുകൾ ആയ ഗോൾഡൻ ലാൻസ്‌ഹെഡ് പിറ്റ് വൈപ്പർ പാമ്പുകളാണ് ഈ ദ്വീപിൽ കൂടുതലായി കാണപ്പെടുന്നത്. ഉഗ്രവിഷമുള്ള ഈ പാമ്പുകളുടെ കടിയേറ്റാൽ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ മരണം ഉറപ്പാണ്.
ധാരാളം മഴക്കാടുകൾ നിറഞ്ഞ പ്രകൃതിരമണീയമായ ഈ ദീപ് കാണാൻ എത്രത്തോളം മനോഹരമാണോ അതിലേറെ അപകടകാരി കൂടിയാണ്. അതിനാൽ തന്നെ ഇവിടെ കാലുകുത്താൻ ഒറ്റ മനുഷ്യനും ധൈര്യപ്പെടാറില്ല. പാമ്പുകളെ കൂടാതെ 41 ഇനത്തിൽപ്പെട്ട പക്ഷികളും ഈ ദീപില്‍ ഉണ്ടെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിട്ടുള്ളത്. ഈ ജൈവവൈവിധ്യം കൊണ്ട് ബ്രസീൽ ഗവൺമെന്റ് ദ്വീപിനെ ഒരു സംരക്ഷണ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഈ ദ്വീപിലേക്ക് പ്രവേശനം അനുവദനീയമല്ല. ബ്രസീലിയൻ നേവി അംഗങ്ങൾക്കും തിരഞ്ഞെടുത്ത ചില ഗവേഷകർക്കും മാത്രമേ ഈ ദ്വീപിലേക്ക് പ്രവേശനമുള്ളൂ. അതും വലിയ സുരക്ഷാ മുൻകരുതലുകളോടെ സർട്ടിഫൈഡ് ഡോക്ടർമാരടങ്ങുന്ന സംഘത്തോടൊപ്പം ആയിരിക്കണം ദ്വീപിലേക്ക് പ്രവേശിക്കുന്നത് എന്ന് ഗവൺമെന്റ് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്.
1909-ൽ ഏതാനും ദിവസങ്ങൾ മാത്രം ഈ ദ്വീപിൽ മനുഷ്യവാസം ഉണ്ടായിരുന്നു. പരിചിതമല്ലാത്ത കപ്പലുകൾ ഈ ദ്വീപിന് അടുത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ദ്വീപിൽ സ്ഥാപിച്ച ലൈറ്റ് ടവറിലെ ജീവനക്കാർ ആയിരുന്നു അവർ. എന്നാൽ ദ്വീപിലെ ഉഗ്രവിഷമുള്ള പാമ്പുകൾ ഇവരെ സ്വപ്നത്തിൽ പോലും ശല്യം ചെയ്യാൻ തുടങ്ങിയതോടെ ഉറക്കം പോലും ഇല്ലാതായ ഈ തൊഴിലാളികൾ ഗവൺമെന്റിനോട് അപേക്ഷിച്ച് ഇവിടെ നിന്നും ജീവനും കൊണ്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് കാലക്രമേണ ഈ ലൈറ്റ് ടവർ ബ്രസീലിയൻ ഗവൺമെന്റ് യാന്ത്രികമായി പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റിയതോടെ പൂർണ്ണമായും ജനവാസമില്ലാത്ത ദ്വീപായി സ്നേക്ക് ഐലൻഡ് മാറി.
സ്നേക്ക് ഐലൻഡിൽ ഓരോ ചതുരശ്ര മീറ്ററിലും ഒരു പാമ്പ് വീതമാണ് ഉള്ളത്. ഏറ്റവും അപകടകാരികളായ ഗോൾഡൻ ലാൻസ്‌ഹെഡ് പാമ്പുകൾ തന്നെ ഈ ദ്വീപിൽ നാലായിരത്തിലേറെ ഉണ്ട്. ഈ ദ്വീപിൽ മാത്രം കാണപ്പെടുന്ന ഈ പാമ്പുകൾക്ക് മനുഷ്യനെ എളുപ്പത്തിൽ കൊല്ലാൻ കഴിയുന്ന ഹീമോടോക്സിക് വിഷമാണ് ഉള്ളത്. വലിയൊരു പ്രദേശം മുഴുവൻ പാമ്പുകൾ ആയതിനാൽ തന്നെ ഭക്ഷണ ദൗർലഭ്യമാണ് ഈ ദ്വീപിലെ പാമ്പുകൾ നേരിടുന്ന പ്രധാന ഭീഷണി. ഈ കാരണത്താൽ തന്നെ മുൻകാലങ്ങളെ അപേക്ഷിച്ചു ദ്വീപിലെ പാമ്പുകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ എലികൾ പോലെയുള്ള ജീവികൾ ഒന്നും ഈ ദ്വീപിൽ ഇല്ല. ഒച്ചുകൾ, ചെറിയ തവളകൾ, പക്ഷികൾ, പക്ഷി മുട്ടകൾ എന്നിവയൊക്കെയാണ് ഈ ദ്വീപിൽ കഴിയുന്ന പാമ്പുകളുടെ പ്രധാന ആഹാരം. അംഗസംഖ്യ വളരെ കൂടുതലായതിനാൽ പലപ്പോഴും ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ ഇവിടുത്തെ പാമ്പുകൾ പൂർണ്ണ വളർച്ചയെത്തുന്നതിന് മുൻപ് തന്നെ ചത്തൊടുങ്ങുന്നത് പതിവായിരിക്കുകയാണ്. എങ്കിൽപോലും ബ്രസീലിയൻ ഗവൺമെന്റ് ആകുന്ന രീതിയിൽ ഒക്കെ ഈ പാമ്പുകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചുകൊണ്ട് ഈ ജൈവവൈവിധ്യത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.
Discussion about this post