പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ യൂട്യൂബർ പോലീസ് കസ്റ്റഡിയിൽ. ചെകുത്താൻ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയും തിരുവല്ല സ്വദേശിയുമായ അജു അലക്‌സിനെയാണ് കസ്റ്റഡിയിൽ എടുത്തത്. താരസംഘടനയായ അമ്മയുടെ ജനറൽസെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഉരുൾപൊട്ടൽ ഉണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല എന്നീ പ്രദേശങ്ങളിൽ സൈനിക വേഷത്തിൽ മോഹൻലാൽ എത്തിയതിനെയാണ് അലക്‌സ് അധിക്ഷേപിച്ചത്. തന്റെ യൂട്യൂബ് ചാനൽ വഴിയായിരുന്നു ഇത്. നടന്റെ ആരാധകർക്കിടയിൽ വിദ്വേഷം പടർത്തുന്ന തരത്തിലായിരുന്നു അജുവിന്റെ പരാമർശങ്ങൾ.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ സിദ്ദിഖ് പോലീസിനെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരാതിയിൽ അജുവിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിൽ എടുത്തത്. ഭാരതീയ ന്യായ സംഹിത 192, 296 (ബി), കെ.പി ആക്ട് 2011 120 (0) വകുപ്പുകൾ പ്രകാരം ആണ് കേസ് എടുത്തിട്ടുള്ളത്.
പോലീസ് കേസ് എടുത്തതിന് പിന്നാലെ അജു ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ ആയിരുന്നു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ സിനിമാ നിരൂപണം എന്ന പേരിൽ നടങ്ങൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിയെ പാലാരിവട്ടം പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചിരുന്നു. നിരൂപണം എന്ന പേരിൽ അധിക്ഷേപമാണ് യൂട്യൂബർമാർ നടത്തുന്നത് എന്ന് താരസംഘടന പലകുറി പരാതിപ്പെട്ടിരുന്നു.
Discussion about this post