വയനാട്: ഉരുൾപൊട്ടൽ ഉലച്ച വയനാട് നിവാസികളെ വീണ്ടും ഭീതിയിലാഴ്ത്തി ഭൂമിയ്ക്കടിയിൽ നിന്നുള്ള മുഴക്കം. നെന്മേനി വില്ലേജ് ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടത്. രാവിലെയോടെയായിരുന്നു സംഭവം. പടിപ്പറമ്പ്, അമ്പലവയൽ,അമ്പുകൊത്തി എന്നീ പ്രദേശങ്ങളിലാണ് മുഴക്കമുണ്ടായത്. കുലുക്കവും പ്രകമ്പനവും അനുഭവപ്പെട്ടുവെന്നും പ്രദേശവാസികൾ വ്യക്തമാക്കുന്നു.
പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് ഇടയ്ക്കൽ ജിഎൽപി സ്‌കൂളിന് അവധി നൽകി. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിക്കുകയാണ്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം എന്നാണ് പ്രദേശവാസികൾ പറയുന്നത്. പുറത്ത് നിന്നപ്പോൾ ഒരു വലിയ ശബ്ദം കേട്ടതായി പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. ഇടിവെട്ടിയതാണെന്നായിരുന്നു കരുതിയത്. അതിന് ശേഷം പരിസരം മൊത്തം കുലുങ്ങിയെന്നും പ്രദേശവാസികൾ വ്യക്തമാക്കി.
ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടിയിൽ നിന്നും അടുത്താണ് അമ്പലവയൽ. അതിനാൽ നാട്ടുകാർ ഭീതിയിലാണ്. മുൻകരുതൽ എന്ന രീതിയിലാണ് സ്‌കൂളിന് അവധി നൽകിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നേരിയ ഭൂചനം ആണ് ഉണ്ടായത് എന്നാണ് കരുതുന്നത്.
Discussion about this post