വയനാട്: വയനാട്ടിലെ മുണ്ടെക്കൈ, ചൂരൽമല പ്രദേശങ്ങളെ കുരുതിക്കളമാക്കി മാറ്റിയ ഉരുൾപൊട്ടലിന് കാരണം, റിസോർട്ട്, റിയൽ എസ്‌റ്റേറ്റ് മാഫിയകളുടെ സ്വാർത്ഥത കൊണ്ടാണെന്ന് ഷാജിമോൻ ചൂരൽമല. ഒരു നാടിനെ കുരുതിക്കളമാക്കിയ ആളുകൾ തന്നെ ചാനലുകളിൽ പോയി കണ്ണീരൊലിപ്പിച്ച് നിരപരാധി ചമയുകയാണ്. ട്രീവാലി റിസോർട്ടിൽ നൂറ് കണക്കിന് ആളുകൾക്ക് അഭയം കൊടുത്തുവെന്ന് ചാനലുകളിലൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഈ മാഫിയകളിൽ പെട്ടവർക്ക് മാത്രമാണ് അവിടെ സംരക്ഷണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു നാടിനെ കുരുതിക്കളമാക്കിയ നൂറോളം പേരുടെ ജീവനെടുത്ത ആളുകൾ തന്നെ കണ്ണീരൊലിപ്പിച്ച് ചാനലുകളിൽ പോയി നിരപരാധി ചമയുകയാണ്. 1961ൽ ചെമ്പ്രമലയിൽ ഉരുൾപൊട്ടി, രണ്ട് പാടി നഷ്ടപ്പെട്ടു. എത്ര പേർ അതിൽ മരിച്ചുവെന്ന് ഇപ്പോഴും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. 1984ൽ മുണ്ടക്കൈ കരുമുറ്റ എസ്‌റ്റേറ്റിൽ ഉരുൾപൊട്ടി. ഇതിൽ പതിനാല് പേർ മരിച്ചുവെന്നാണ് കണക്ക്. എന്നാൽ, 14 പേരല്ല ഒരുകാലത്ത് വെള്ളരിമലയിലുണ്ടായിരുന്ന പണിയ വിഭാഗത്തിൽ പെട്ട 100 കണക്കിന് ആളുകളാണ് ഇല്ലാതായത്. അവരിൽ അവശേഷിക്കുന്നവരാണ് ഇന്ന് എറാട്ടുക്കുണ്ട് കോളനിയിൽ ഉള്ളത്.
അതിന് ശേഷമാണ് 2019ൽ പുത്തുമല. 2020ൽ മുണ്ടക്കൈയിൽ ഇന്ന് പൊട്ടിയ അതേസ്ഥലത്ത് ഉരുൾപൊട്ടി. മൂന്ന് വീട് പോയി, ഇപ്പോൾ 2024ൽ. നമ്മുടെ ഇടയിൽ ജീവിച്ച നൂറ് കണക്കിന് ആളുകൾ ഇല്ലാതായി’- ഷാജിമോൻ വ്യക്തമാക്കി.
രാഷ്ട്രീയ, റിയൽ എസ്‌റ്റേറ്റ്, റിസോർട്ട് മാഫിയകളുടെ ഒരു വലിയ ടീം ഉണ്ട് വയനാട്ടിൽ. വില്ലേജ് ഓഫീസിൽ നിന്നും ഒരു പേപ്പർ ലഭിക്കണമെങ്കിൽ ഇവർ വിചാരിക്കണം. വെള്ളരിമല വില്ലേജ് ഓഫീസിൽ സ്ഥിരമായി ഒരു വില്ലേജ് ഓഫീസർ ഉണ്ടാകാറില്ല. അവിടെ വരുന്ന വില്ലേജ് ഓഫീസർമാരെല്ലാം ഈ സംഘത്തിന്റെ ചൊൽപ്പടിക്ക് നിൽക്കണം. ഇല്ലെങ്കിൽ അവർക്ക് നിലനിൽപ്പുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രീവാലി റിസോർട്ടിൽ നൂറ് കണക്കിന് ആളുകൾക്ക് അഭയം കൊടുത്തുവെന്ന് ചാനലുകളിലൊക്കെ പറഞ്ഞിരുന്നു. എന്നാൽ, ഉരുൾപൊട്ടലുണ്ടായപ്പോൾ രക്ഷപ്പെട്ടോടിയ ചുരുക്കം ചിലരൊഴികെ ബാക്കിയുള്ളവെരല്ലാം കൃത്യമായി അവിടേയ്ക്ക് മാറ്റിയ ആളുകളാണ്. ഈ റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ ബന്ധത്തിൽ പെട്ട, സ്‌കൂൾ റോഡിൽ താമസിച്ചിരുന്ന ആളിനെയടക്കം ആണ് ഇങ്ങോട്ട് മാറ്റിയത്. ഈ രാഷ്ട്രീയ റിയൽ എസ്‌റ്റേറ്റ് മാഫിയയിൽ ഉള്ളവരെയാണ് ഇവിടെ സുരക്ഷിതരാക്കിയത്. കോളനിയിലുള്ളവരെയെല്ലാം ചൂരൽമല സ്‌കൂളിലേയ്ക്ക് മാറ്റിയെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
ചൂരൽമല പോലെയുള്ള ചെറിയൊരു പ്രദേശത്ത് എന്ത് റിയൽ മാഫിയ എന്ന് ചിലപ്പോൾ തോന്നും. എന്നാൽ, ചെറിയൊരു സംഘമല്ല, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. മൂന്നാർ പോലെ ടൂറിസം രംഗത്ത് വളർന്ന് വരുന്ന ഒരു പ്രദേശമായിരുന്നു ചൂരൽമല. ഒരുപാട് സംരംഭകർ ഇവിടെ വരുകയും വലിയ രീതിയിൽ ഭൂമി വാങ്ങിക്കുുട്ടുകയും എല്ലാം ചെയ്തിരുന്നു. ചാനലുകൾ തോറും കരഞ്ഞ് വിളിച്ച് നടന്ന ഒരു മെമ്പറിന്റെ കാർ ട്രീ വാലി റിസോർട്ടിൽ കിടക്കുന്നതിന്റെ ഫോട്ടോ താൻ പുറത്തുവിട്ടിട്ടുണ്ടെന്നും ഷാജിമോൻ കൂട്ടിച്ചേർത്തു.
ഇവരും ഇവരുടെ ബന്ധുക്കളും ഇവരുമായി ബന്ധമുള്ള പ്രമുഖരെയുമെല്ലാം ഇവർ സംരക്ഷിച്ചു. ചൂരൽമലയിലെ പാവപ്പെട്ട ആളുകൾ ഇതൊന്നുമറിയാതെ ഉറങ്ങി. വെള്ളരിമലയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് അവർക്ക് അറിയാമായരുന്നില്ലേ. എന്തുകൊണ്ടാണ് വെള്ളരിമലയിലെ പലരും വിളിച്ചു പറഞ്ഞിട്ടും അതിന് നടപടി എടുത്തില്ല. അപകടമാണ് ഒഴിപ്പിക്കണ്ടേ എന്നെല്ലാം അവർ പറഞ്ഞതാണ്. തെളിവ് സമർപ്പിക്കാൻ ഞാൻ തയ്യാറാണ്. അപകടമാണെന്ന് അറിഞ്ഞിട്ടും വേണ്ടപ്പെട്ടവരെ മാത്രമാണ് മാറ്റിയത്. ആദിവാസികളെ അവിടുത്തെ പൊട്ടിപ്പൊളിഞ്ഞ സ്‌കൂളിലേയ്ക്ക് ആക്കി.
മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിൽ, ഇത് ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ഇത് മുന്നിൽ കണ്ട് അതിഥികളെ ഒഴിവാക്കിയിരുന്നെങ്കിൽ അവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കുമായിരുന്നു. സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി ഒരു ഗ്രാമത്തിനെ മുഴുവൻ കുരുതിക്കളമാക്കി. ഇതിനെതിരെ കൃത്യമായി അന്വേഷണം വേണം. ഇവർക്കെതിരെ നടപടി വേണമെന്നും ഷാജിമോൻ ചൂരൽമല ആവശ്യപ്പെട്ടു.
Discussion about this post