തെലുങ്ക് താരം നാഗചൈതന്യയും ബോളിവുഡ് താരം ശോഭിത ധൂലിപാലും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതോടെ, വീണ്ടും സമാന്ത നാഗചൈതന്യ ബന്ധവും വിവാഹമോചനവും ചർച്ചയാകുകയാണ്. നിരവധി പേരാണ് നാഗചൈതന്യ- ശോഭിത ബന്ധത്തെ വിമർശിച്ചും സമാന്തയെ പിന്തുണച്ചും രംഗത്ത് വന്നത്.
സംഭവത്തിൽ ഇതുവരെയും സമാന്ത പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ ഇപ്പോഴിതാ വിവാഹ മോചനത്തിന് മുമ്പ് സമാന്ത തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ നിർമാതാവായ നീലിമ. ഒരു അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
2023ൽ സാമന്ത അഭിനയിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ നിർമാതാവ് ഗുണശേഖറാണ്. മകൾ നീലിമയായിരുന്നു ഇതിന്റെ സഹനിർമാതാവ്. 2021ലായിരുന്നു ഈ ചിത്രത്തിനായി ഇവർ സമാന്തയെ സമീപിച്ചത്. വിവാഹമോചനത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്.
കഥ ചർച്ച ചെയ്യാനായി നീലിമയാണ് സമാന്തയെ കണ്ടത്. സമാന്തയ്ക്ക് കഥ ഇഷ്ടപ്പെടുകയും ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ, ഒരു ഡിമാൻഡ് മാത്രമായിരുന്നു അന്ന് സമാന്തയ്ക്ക് ഉണ്ടായിരുന്നത്. ജൂലൈയ്ക്കും ഓഗസ്റ്റിനും ഇടയിൽ ചിത്രം പൂർത്തിയാക്കണം. അതിന് ശേഷം തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നായിരുന്നു അവർ ആഗ്രഹിച്ചിരുന്നത്. തനിക്ക് ഭർത്താവിനോടൊപ്പം സമയം ചിലവഴിക്കണമെന്നും കുട്ടികൾ വേണം, ഭർത്താവിനോടും കുട്ടികളോടും ഒപ്പം സെറ്റിൽ ആവണം എന്നൊക്കെ തന്നോട് പറഞ്ഞിരുന്നു എന്നും നീലിമ പറയുന്നു.
മൂന്ന് മാസത്തിനുള്ളിൽ ചിത്രം പൂർത്തിയാക്കിയിരുന്നു. കുടുംബത്തോടൊപ്പം ജീവിക്കണം എന്ന് ആഗ്രഹിച്ച സമാന്തയുടെ വിവാഹ മോചനത്തെ കുറിച്ചുള്ള വാർത്തകളാണ് പിന്നീട് അറിഞ്ഞത്. അവസാന നിമിഷം വരെ വിവാഹമോചനം ഒഴിവാക്കാൻ സമാന്ത ശ്രമിച്ചിരുന്നുവെന്നാണ് തനിക്ക് മനസിലായ കാര്യമെന്നും നീലിമ പറഞ്ഞു.
2017ലായിരുന്നു നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹം. 2021ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇതിന് പിന്നാലെ തന്നെയായിരുന്നു സമാന്തയുടെ രോഗവിവരവും പുറത്ത് വന്നത്. വേർപിരിയലിന് ശേഷം സമാന്ത ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.
Discussion about this post