കോതമംഗലം : നിർമല കോളേജിലെ വിദ്യാർത്ഥികളുടടെ പ്രതിഷേധത്തിന് പിന്നാലെ സ്‌കൂളിൽ നിസ്‌കരിക്കാൻ സ്ഥലം നൽകണമെന്ന ആവശ്യവുമായി കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ രംഗത്ത്. സ്‌കൂളിലെ രണ്ട് വിദ്യാർത്ഥിനികളും അവരുടെ മാതാപിതാക്കളുമാണ് വിദ്യാർത്ഥിനികൾക്ക് നിസ്‌കരിക്കാൻ പ്രത്യേകം സ്ഥലം നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കോതമംഗലം രൂപത ജാഗ്രതാ സമിതി അറിയിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും അനാവശ്യ വിവാദം സൃഷ്ടിച്ച് മാതൃകാപരമായി പ്രവർത്തിക്കുന്ന സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് തടസ്സം ഉണ്ടാക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് കോതമംഗലം രൂപത ജാഗ്രത സമിതിയും കത്തോലിക്കാ കോൺഗ്രസും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. വിദ്യാലയങ്ങളിലെ അച്ചടക്കം നശിപ്പിക്കുന്ന തരത്തിലുളള കടന്നുകയറ്റം അംഗീകരിക്കാനാകില്ല.
ക്രൈസ്തവ സഭകളടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽ നിരന്തരം ഉയരുന്ന ഇത്തരം ഭീഷണികൾ മതേതര സമൂഹത്തിന് ചേർന്നതല്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ വിഷയത്തിൽ കത്തോലിക്കാ മാനേജ്മെന്റ് സ്‌കൂളുകളുടെ എക്കാലത്തെയും നിലപാട് നിയമാനുസൃതവും വ്യക്തവുമാണ്. മത ന്യൂനപക്ഷ സ്ഥാപനങ്ങള് എന്ന നിലയിൽ കത്തോലിക്കാ വിദ്യയാഭ്യാസ സ്ഥാപനങ്ങളിൽ ക്രൈസ്തവ വിശ്വാസവും സംസ്‌കാരവും പൈതൃകവും പരിരക്ഷിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുതരുന്നുണ്ട്. എന്നാൽ സമൂഹത്തിന്റെ മതസൗഹാർദ്ദവും സമാധാവും തകർക്കുന്ന ഇത്തരം നിലപാടുകളെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post