തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു. 267 പേർക്കാണ് ഇത്തവണ പോലീസ് മെഡൽ. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും മെഡൽ നേടി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരാണ് പോലീസ് മെഡലിന് അർഹരായവർ. നവംബർ ഒന്നിനാണ് മെഡലുകൾ വിതരണം ചെയ്യുന്നത്.
സിവിൽ പോലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് പോലീസ് മെഡലിനായി പരിഗണിക്കുന്നത്.പോലീസ് സേനയിൽ വിശിഷ്ടസേവനത്തിനും, ധീരതയ്ക്കും, സ്തുത്യർഹസേവനത്തിനും നൽകുന്ന പുരസ്‌കാരമാണ് പോലീസ് മെഡൽ. ജോലിയിലെ കൃത്യതയും, കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിന്റെയും, അർപ്പണമനോഭാവത്തിന്റെയും അംഗീകാരമാണ് ഈ മെഡൽ. രാഷ്ട്രപതിയും സംസ്ഥാന മുഖ്യമന്ത്രിമാരും വെവ്വേറെ പോലീസ് മെഡൽ നൽകാറുണ്ട്.
പോലീസ് ഡിപ്പാർട്ട്‌മെന്റിൽ കുറഞ്ഞത് പത്ത് വർഷത്തെ സേവനം പൂർത്തിയാക്കിയവർക്കാണ് മെഡൽ നൽകുന്നത്. നിലവിൽ ഇൻക്രിമെൻറ് ബാർ, വിജിലൻസ് കേസ്, ഡിപ്പാർട്ട്‌മെൻറ് ശിക്ഷാനടപടികൾ, എന്നിവ ഉള്ളവരെ മെഡലിന് ശുപാർശ ചെയ്യില്ല.
മെഡൽ ലഭ്യമായവരിലാരെങ്കിലും പിന്നീട് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മെഡൽ തിരികെ കണ്ടു കെട്ടുന്നതാണ്.നിലവിൽ ഡി.വൈ.എസ്.പി റാങ്ക് വരെ ഉള്ളവർക്കാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നൽകുന്നത്.
Discussion about this post