തിരുവനന്തപുരം: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ദുരിതബാധിതർക്ക് വാടക വീടുകളിലേക്ക് മാറുന്നതിനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കി. പ്രതിമാസം ആറായിരം രൂപയാണ് വാടകയായി അനുവദിക്കുക. ബന്ധുവീടുകളിലേക്ക് മാറുന്നവർക്കും ഈ തുക ലഭിക്കും.
വൈകീട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാർ കെട്ടിടങ്ങളിലേക്ക് മാറുന്നവർക്ക് വാടക തുക കിട്ടില്ലെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. സ്വകാര്യ വ്യക്തികൾ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവർക്കും മുഴുവൻ സ്‌പോൺസർഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവർക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോൺസർഷിപ്പ് കിട്ടുന്നവർക്കും വാടക ആനുകൂല്യം ലഭിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം ദുരിത ബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായം നൽകി തുടങ്ങി. പതിനായിരം രൂപയാണ് സർക്കാർ നൽകുന്നത്. റെവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. അക്കൗണ്ട് നമ്പറുകൾ നൽകിയവർക്കാണ് തുക നൽകി തുടങ്ങിയത്. എത്ര പേർക്ക് ഇതുവരെ തുക കൈമാറി എന്നത് സംബന്ധിച്ച കണക്ക് ഉടൻ ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post