വയനാട്: ഉറ്റവരെ നഷ്ടമായ വേദനയിലും ചൂരൽമലക്കാരുടെ രക്ഷകനായി മലയാളി സൈനികൻ. 321 മീഡിയം റെജിമെന്റിലെ കമ്മീഷൻഡ് ഓഫീസർ ആയ ജിനോഷ് ജയനാണ് വേദന കടിച്ചമർത്തി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായത്. ചൂരൽമല സ്വദേശി കൂടിയായ അദ്ദേഹത്തിന്റെ വിശിഷ്ടസേവനത്തിന് കേരള പോലീസ് അനുമോദിച്ചു.
ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ജോലിസ്ഥലത്ത് ആയിരുന്നു ജിനോഷ്. സംഭവം അറിഞ്ഞയുടൻ അടിയന്തിരമായി അവധി വേണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിലേക്ക് വരികയായിരുന്നു. ഉരുൾപൊട്ടലിൽ ജിനോഷിന്റെ മാതാപിതാക്കളും അകപ്പെട്ടിരുന്നു. എന്നാൽ ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഉരുൾപൊട്ടലിൽ അദ്ദേഹത്തിന് അമ്മാവനെയും കുടുംബത്തെയും നഷ്ടമായി. അമ്മാവൻ, ഭാര്യ, ഇവരുടെ മകൻ, മകന്റെ ഭാര്യ, ഇരുവരുടെയും 21കാരിയായ മകൾ എന്നിവരെ ആയിരുന്നു ഉരുളെടുത്തത്.
എന്നാൽ ഇതേക്കുറിച്ച് ആലോചിച്ച് വിഷമിച്ചിരിക്കാൻ ജിനോഷ് കൂട്ടാക്കിയില്ല. അതിവേഗം ദൗത്യസംഘത്തിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങൾ രക്ഷാപ്രവർത്തകർക്ക് പറഞ്ഞ് നൽകിയത് ജിനോഷ് ആയിരുന്നു. ഇത് രക്ഷാപ്രവർത്തനങ്ങളിൽ ഏറെ നിർണായകമായി. രക്ഷാപ്രവർത്തകർക്കായി പ്രദേശത്തിന്റെ മാപ്പ് ഉൾപ്പെടെ അദ്ദേഹം വരച്ച് നൽകിയിരുന്നു.
ദുരന്തമുഖത്ത് അദ്ദേഹം നടത്തിയ അസാമാന്യപ്രവർത്തനങ്ങളെ എഡിജിപി എംആർ അജിത് കുമാറും ഐജി സേതു റാമും ചേർന്നായിരുന്നു അനുമോദിച്ചത്.
Discussion about this post