ചെന്നൈ; ആദ്യ കുഞ്ഞിന്റെ സംരക്ഷണത്തെ കുറിച്ചുള്ള മദ്ധ്യസ്ഥ ചർച്ച കോടതിയിൽ തുടരുന്നതിനിടെ പരാതിക്കാരിയ്ക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ഇതേ തുടർന്ന് കുഞ്ഞിന്റെ പിതാവിനെതിരായ ബലാത്സംഗ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.’യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എൻ. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്.
കടലൂർ സ്വദേശിയായ അവിവാഹിതയായ യുവതി ഗർഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ൽ ബലാത്സംഗക്കേസ് വന്നത്. ഡി.എൻ.എ. പരിശോധനയിൽ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. കടലൂരിലെ മഹിളാ സെഷൻസ് കോടതി 2015-ൽ പ്രതിക്ക് പത്തുവർഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ 2017-ൽ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.
പരാതിക്കാരിയായ യുവതിയുമായി താൻ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കൽപ്പോലും അവർ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഈ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്നം ഉയർന്നത്. ഇക്കാര്യം പ്രതിയും യുവതിയും ചർച്ചചെയ്ത് തീരുമാനിക്കട്ടെയെന്ന് കോടതി നിർദേശിച്ചു.
ചർച്ചകൾക്കിടെ യുവതിയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛൻ പ്രതി തന്നെയാണെന്ന് കോടതി തീർച്ചപ്പെടുത്തി. ഇതോടെയാണ് ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കിയത്. പ്രായപൂർത്തിയായവർ അവർക്കിഷ്ടപ്പെട്ടരീതിയിയിൽ ജീവിക്കുമ്പോൾ കോടതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പ്രതിക്കെതിരെ ആദ്യം നൽകിയ പരാതി നിയമത്തിന്റെ ദുരുപയോഗമാണെന്നും കള്ളക്കേസാണെന്നും പറയാം. പക്ഷേ, കഴിഞ്ഞുപോയത് ഇനി കുത്തിപ്പൊക്കുന്നതിൽ കാര്യമില്ലെന്ന് കോടതി പറഞ്ഞു.
Discussion about this post