എറണാകുളം: പുഴയിൽ ചാടി ആത്മഹത്യ ചെയ്യാൻ എത്തിയ യുവാവ് ഉറങ്ങിപ്പോയി. പള്ളുരുത്തി സ്വദേശി അസീബ് (38) ആണ് ആത്മഹത്യ ചെയ്യാൻ എത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് അസീബിനെ രക്ഷിച്ചു.
കച്ചേരിത്താഴത്ത് ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. മദ്യ ലഹരിയിൽ ആയിരുന്നു ഇയാൾ ഇവിടെയെത്തിയത്. പുഴയ്ക്ക് സമീപത്തെ പാലത്തിൽ എത്തിയ ഇയാൾ കൈരവിയോട് ചേർന്ന് ജല അതോറിറ്റി സ്ഥാപിച്ച പൈപ്പുകൾക്കിടയിൽ ഉറങ്ങുകയായിരുന്നു.
പുഴയിലേക്ക് വീഴാറായ നിലയിൽ കിടക്കുന്ന യുവാവിനെ കണ്ട നാട്ടുകാർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് എത്തി യുവാവിനെ വിളിച്ചുണർത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. പോലീസിനോടാണ് യുവാവ് ആത്മഹത്യ ചെയ്യാനായി എത്തിയതാണെന്ന് വ്യക്തമായത്. ചാടാനായി നിൽക്കുന്നതിനിടെ ഉറക്കം വരികയായിരുന്നുവെന്നും ഇതേ തുടർന്ന് കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
അതേസമയം ഭാഗ്യം കൊണ്ടാണ് യുവാവ് പുഴയിൽ വീഴാതെ രക്ഷപ്പെട്ടത് എന്ന് പോലീസ് പറഞ്ഞു. ഉറക്കത്തിനിടെ മറുവശത്തേയ്ക്ക് ചരിഞ്ഞിരുന്നുവെങ്കിൽ യുവാവ് പുഴയിൽ വീഴുമായിരുന്നു.
Discussion about this post