കാബൂൾ; അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിന് ശേഷമുള്ള ഈ മൂന്ന് വർഷ കാലയളവിൽ താലിബാൻ വിദ്യാഭ്യാസം നിഷേധിച്ചത് പതിനാല് ലക്ഷം പെൺകുട്ടികൾക്കെന്ന് റിപ്പോർട്ട്. യുനെസ്‌കോ ആണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ടത്.
2021ന് ശേഷം പ്രാഥമിക വിദ്യാഭ്യാസത്തിനെത്തുന്ന പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും കണക്കിൽ പതിനൊന്ന് ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവണത രാജ്യത്ത് ബാലവേല, ബാലവിവാഹം എന്നിവയ്ക്ക് കാരണമാകുമെന്നും യുനെസ്‌കോ കുറ്റപ്പെടുത്തി.2022ൽ പ്രാഥമിക വിദ്യാഭ്യാസത്തിനെത്തിയ ആകെ വിദ്യാർഥികളുടെ എണ്ണം 57 ലക്ഷമാണ്. 2019ൽ ഇത് 68 ലക്ഷമായിരുന്നു. ആൺകുട്ടികളെ പഠിപ്പിക്കാൻ അദ്ധ്യാപികമാരെ നിയോഗിക്കുന്നത് വിലക്കിയതോടെ അദ്ധ്യാപകരുടെ എണ്ണത്തിൽ കുറവുണ്ടായി. നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ കുട്ടികളെ പഠനത്തിനയയ്ക്കാൻ കുടുംബങ്ങൾക്കുണ്ടാകുന്ന താത്പര്യക്കുറവും പ്രാഥമിക വിദ്യാഭ്യാസം ഒഴിവാക്കുന്ന വിദ്യാർഥികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
12 വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്ന ഏക രാജ്യമാണ് അഫ്ഗാനിസ്ഥാൻ. 2021 ആഗസ്റ്റ് 15ന് രാജ്യത്ത് അധികാരമേറ്റെടുത്തതിന് പിന്നാലെ പെൺകുട്ടികൾക്ക് ആറാം ക്ലാസിന് മുകളിലേക്കുള്ള വിദ്യാഭ്യാസത്തിന് താലിബാൻ വിലക്കേർപ്പെടുത്തിയിരുന്നു.നിരോധനം നിലവിൽ വരുന്നതിന് മുമ്പ് തന്നെ സ്‌കൂളിന് പുറത്തായിരുന്ന പെൺകുട്ടികളെ കൂടി ചേർത്താൽ, രാജ്യത്ത് ഇപ്പോൾ ഏകദേശം 2.5 ദശലക്ഷം പെൺകുട്ടികൾ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.
Discussion about this post