വയനാട്: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിന്നുവർക്കുള്ള സഹായമായി എത്തിച്ച വസ്തുക്കളിൽ ടൺ കണക്കിന് അജൈവ മാലിന്യം. ഇതേ തുടർന്ന് വലിയ കഷ്ടത്തിലായിരിക്കുകയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പുകളിൽ നിലയുറപ്പിച്ചിട്ടുള്ള പ്രവർത്തകർ. ഇതുവരെ 85 ടൺ അജൈവ മാലിന്യമാണ് സാധനങ്ങളിൽ നിന്നും ഇവർ വേർ തിരിച്ചെടുത്തത്.
വയനാടിന് സഹായമെന്ന നിലയിൽ ധാരളം വസ്ത്രങ്ങൾ ഉൾപ്പെടെ നിരവധി സാധന സാമഗ്രികൾ ആണ് ക്യാമ്പുകളിലെ കളക്ഷൻ സെന്ററുകളിലേക്ക് ലഭിച്ചത്. എന്നാൽ ഇവയിൽ നല്ലൊരു ശതമാനം ഉപയോഗ ശൂന്യമാണെന്ന് ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. ആകെ ലഭിച്ച 85 ടൺ മാലിന്യത്തിൽ 17 ടണ്ണും വസ്ത്രങ്ങളാണ്. ഇത്രയും വലിയ അളവിലുള്ള മാലിന്യം എങ്ങിനെ സംസ്‌കരിക്കണമെന്ന് അറിയാതെ കുഴങ്ങുകയാണ് പ്രവർത്തകർ.
ദുരിതാശ്വാസ ക്യാമ്പിലേക്ക് ആദ്യമായി എത്തിയ സാധനങ്ങളിലും ഉപയോഗ ശൂന്യമായവ ഉണ്ടായിരുന്നു. ഇതേ തുടർന്ന് നല്ല സാധനങ്ങൾ മാത്രം അയച്ചാൽ മതിയെന്ന് അധികൃതർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് അഗണിച്ചുകൊണ്ടാണ് വീണ്ടും ക്യാമ്പുകളിലേക്ക് മാലിന്യങ്ങൾ എത്തിയിരിക്കുന്നത്.
അതേസമയം കേരളത്തിന് അകത്തും പുറത്തും നിന്നുള്ള നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം നൽകിയത്.
Discussion about this post