ന്യൂഡൽഹി: വയനാട്ടിൽ ഉണ്ടായ അധിക മഴയാണ് ഉരുൾ പൊട്ടലിന് കാരണം ആയതെന്ന് വേൾഡ് വെതർ ആട്രിബ്യൂഷൻ. 10 ശതമാനം അധിക മഴ ആയിരുന്നു ജില്ലയിൽ ഉരുൾപൊട്ടൽ ദിനത്തിൽ ലഭിച്ചത്. കാലാവസ്ഥ വ്യതിയാനമാണ് അധിക മഴയ്ക്ക് കാരണം ആയത് എന്നും ഡബ്ല്യൂ ഡബ്ല്യൂ എയിലെ ഗവേഷകർ വ്യക്തമാക്കി.
ഒറ്റ ദിവസം 140 മില്ലീമീറ്റർ മഴയായിരുന്നു വയനാട്ടിൽ ലഭിച്ചത്. ഇക്കുറി മൺസൂൺ ആരംഭിച്ചത് മുതൽ തന്നെ ജില്ലയിൽ താരതമ്യേന നല്ല മഴ ലഭിച്ചിരുന്നു. ഇതേ തുടർന്ന് കുതിർന്ന നിലയിൽ ആയിരുന്നു മണ്ണ്. ജൂലൈ 30 ന് ലഭിച്ച ശക്തമായ മഴയിൽ ഈ മണ്ണ് ഒലിച്ചിറങ്ങി. ഇതാണ് നാന്നൂറോളം പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിന് കാരണം ആയത് എന്നും ഗവേഷകർ വ്യക്തമാക്കുന്നു. ശരാശരി താപനിലയിൽ നിന്നും രണ്ട് ഡിഗ്രി സെൽഷ്യസ് ചൂട് കുടിയാൽ , അത് മഴയുടെ നാല് ശതമാനം വർദ്ധനവിനാണ് കാരണം ആകുമെന്ന് റിപ്പോർട്ടിലുണ്ട്.
കേരളത്തിൽ ഉരുൾപൊട്ടൽ സാദ്ധ്യത ഏറ്റവും കൂടുതൽ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് ചൂരൽമല- മുണ്ടക്കൈ ഭാഗം. ഇവിടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ഭാവിയിലും വടക്കൻ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാമെന്നും ഗവേഷകർ അറിയിക്കുന്നുണ്ട്. 1901 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ.
Discussion about this post