എറണാകുളം: നടീനടന്മാർക്ക് ആദ്യ അവാർഡ് നൽകുന്നത് ഡയറക്ടർമാരാണ് നടി ഉർവശി. ഡയറക്ടർമാർ പറയുന്ന ഓകെയാണ് ആദ്യ അവാർഡ് എന്നും നടി പറഞ്ഞു. മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം.
എത്രാമത്തെ പുരസ്‌കാരം ആണ് ലഭിച്ചത് എന്നതിനെക്കുറിച്ച് എണ്ണിയിട്ടില്ല. അവാർഡ് മുൻപിൽ കണ്ടുകൊണ്ടല്ല അഭിനയിക്കാറ്. തന്നെ സംബന്ധിച്ച് ആദ്യത്തെ അവാർഡ് നൽകുന്നത് ഡയറക്ടർമാർ ആണ്. ഡയറക്ടർ പറയുന്ന ഓകെ ആണ് ആദ്യ പുരസ്‌കാരം. പടം ഇറങ്ങിയാൽ ലഭിക്കുന്ന അഭിനന്ദനങ്ങൾ മറ്റ് പുരസ്‌കാരങ്ങൾ ആണെന്നും നടി പറഞ്ഞു.
പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ട്. സർക്കാർ തലത്തിൽ നിന്നും പ്രശംസ ലഭിച്ചതിലും സന്തോഷം. സ്‌കൂളിൽ പഠിക്കുമ്പോൾ പ്രോഗ്രസ് റിപ്പോർട്ട് ലഭിക്കാറില്ലേ. അതിൽ മാർക്ക് കാണുമ്പോൾ തോന്നുന്ന അതേ സന്തോഷം ആണ് ഈ അവാർഡ് ലഭിച്ചപ്പോഴും തോന്നിയത് എന്നും നടി കൂട്ടിച്ചേർത്തു.
പാർവ്വതിയുമായി മികച്ച അഭിനയം തന്നെയായിരുന്നു ഉള്ളൊഴുക്കിൽ നടന്നത്. പാർവ്വതി എതിർഭാഗത്ത് ഉണ്ടായത് ആണ് തന്റെ അഭിനയം ഇത്രയും മികച്ചതാകാൻ കാരണം. അത്രയ്ക്കും മികച്ച പ്രകടനം ആയിരുന്നു പാർവ്വതിയുടേതെന്നും ഉർവ്വശി പറഞ്ഞു.
Discussion about this post