ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും വേണമെന്ന ആഗ്രഹമുള്ളവരാണ് എല്ലാവരും. അതിനായി പലകാര്യങ്ങളും നാം ചെയ്യാറുമുണ്ട്. വീട് വയ്ക്കുമ്പോൾ വാസ്തു നോക്കുന്നത് ഇത്തരത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാനാണ്. അത് പോലെ തന്നെ പലകാര്യങ്ങളും ശാസ്ത്രവിധി പ്രകാരം ചെയ്യുന്നത് നമ്മുടെ ജീവിതത്തിൽ ഉയർച്ച കൊണ്ടുവരും. ചില മരങ്ങളും നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവരാറുണ്ട്. അത്തരത്തിൽ ഒന്നാണ് നെല്ലിമരം.
വാസ്തുശാസ്ത്ര പ്രകാരം നെല്ലിമരം വീടിന്റെ കോംപൗണ്ടിൽ വയ്ക്കുന്നത് വളരെ നല്ലതാണ്. വീട്ടിലേക്ക് സമ്പത്തും ഐശ്വര്യവും കൊണ്ടുവരിക മാത്രമല്ല, രോഗ പീഡകളിൽ നിന്നും കുടുംബാംഗങ്ങളെ സംരക്ഷിക്കാനും നെല്ലിമരത്തിന് കഴിയുമെന്നാണ് ശാസ്ത്രം. ആയുർവേദത്തിൽ പ്രധാന സ്ഥാനമാണ് നെല്ലിക്കയ്ക്ക് ഉള്ളത്.
ചവനപ്രാശം, രസായനങ്ങൾ എന്നിവയിലെ പ്രധാന ചേരുവയാണ് നെല്ലിക്ക. ലേഹ്യങ്ങളിലും ഒഴിച്ചുകൂടാത്ത സ്ഥാനം നെല്ലിക്കയ്ക്ക് ഉണ്ട്. നെല്ലിക്കയ്ക്ക് പുറമേ നെല്ലി മരത്തിന്റെ ഇല, വേര് , തോല് എന്നിവയും ഔഷധങ്ങൾ ഉണ്ടാക്കാനായി ഉപയോഗിക്കാറുണ്ട്.
സാമ്പത്തിക അഭിവൃദ്ധിയ്ക്കായി കുബേര ദിക്കായ വടക്ക് ഭാഗത്ത് വേണം നെല്ലി നടാൻ. ഈ മരം ഉണ്ടെങ്കിൽ സമ്പത്തിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പൂജാമുറികളിലും നെല്ലിക്ക സൂക്ഷിയ്ക്കാം. ഇതും നല്ലതാണ്. നെഗറ്റീവ് എനർജി ഇല്ലാതാക്കാനുള്ള കഴിവ് നെല്ലിക്കയ്ക്കുണ്ട്. മാസപ്പിറവി, വെള്ളിയാഴ്ചസ, നവമി, അമാവാസി, പൗർണമി എന്നീ ദിവസങ്ങളിൽ നെല്ലിക്ക പറിയ്ക്കാൻ പാടുള്ളതല്ല.
Discussion about this post