ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ മിക്കപ്പോഴും നെഞ്ചിനോട് ബന്ധപ്പെട്ടുള്ളതായിരിക്കും. തൊണ്ണൂറ് ശതമാനവും ഇത്തരത്തിലായിരിക്കും പ്രകടമാകുക. എന്നാല്‍ ചില ആളുകളില്‍ നെഞ്ചിനോട് യാതൊരു ബന്ധവുമില്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം.
നെഞ്ച് പൊട്ടിപോകുന്ന വേദനയുണ്ടാകുക ,ശ്വാസോഛ്വാസം ക്രമാതീതമായി ഉയരുക , നെഞ്ചില്‍ ഭാരം അനുഭവപ്പെടുക
തുടങ്ങിയ ലക്ഷണങ്ങളാണ് സാധാരണയായി ഒരാളില്‍ അനുഭവപ്പെടുന്നത്. എന്നാല്‍ നെഞ്ചിന്റെ ഇടതു വശത്താണ് ഹൃദയം സ്ഥിതി ചെയ്യുന്നതെന്നതു കൊണ്ട് നെഞ്ചിന്റെ ഇടതുവശത്തായിരിക്കും വേദന അനുഭവപ്പെടുകയെന്ന തെറ്റിദ്ധാരണ പലരിലുമുണ്ട്.
എന്നാല്‍ അല്‍പ്പം ഇടത്തേക്ക് ചെരിഞ്ഞ ആകൃതിയിലാണ് ഹൃദയം സ്ഥിതി ചെയ്യുന്നതെങ്കിലും,ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചിന്റെ മധ്യഭാഗത്തായിട്ടാണ് വേദന അനുഭവപ്പെടുക. നെഞ്ചില്‍ നിന്നും വേദന വ്യാപിക്കുക കയ്യിലേക്കായിരിക്കും. പൊതുവേ ഇടതു കയ്യിലേക്കാണ് വ്യാപിക്കുന്നതെങ്കിലും ഇടതു കയ്യില്‍ മാത്രമല്ല, വലതു കയ്യിലും വേദന വ്യാപിക്കാന്‍ സാധ്യതയുണ്ട്. ചില കേസുകളില്‍ രണ്ടു കൈകളിലും വേദന അനുഭവപ്പെടാം. നെഞ്ചും താടിയും കഴയ്ക്കുന്നതായി തോന്നുക, വളരെ അപൂര്‍വ്വമായി ചെവിക്കും നടുവിനും തൊണ്ടയിലും വേദന അനുഭവപ്പെടാം.
ഹൃദയാഘാതത്തിന്റെ അനുബന്ധ ലക്ഷണങ്ങളായി രോഗി വെട്ടി വിയര്‍ക്കുക, വയറ്റില്‍ നിന്നും പോകണമെന്ന തോന്നല്‍, ഛര്‍ദ്ദി എന്നിവയും ഉണ്ടാകാം. അപൂര്‍വമായി ചിലരില്‍ ഹൃദയാഘാതത്തോടനുബന്ധിച്ചുള്ള ലക്ഷണങ്ങള്‍ വയറിലേക്കും വ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തരം അനുബന്ധ ലക്ഷണങ്ങള്‍ പൊക്കിളിനു താഴേക്ക് യാതൊരു കാരണവശാലും വ്യാപിക്കാറില്ല.ഏകദേശം എണ്‍പത് ശതമാനം ആളുകള്‍ ഹൃദയാഘാതത്തിന്റെ പ്രാരംഭഘട്ടം ഗ്യാസ്ട്രബിളാണെന്നു തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നു അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
ഹൃദയാഘാതം ഒഴിവാക്കാൻ നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം നിർബന്ധം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. സംസ്കരിച്ച ഭക്ഷണങ്ങൾ, മധുരമുള്ള പാനീയങ്ങൾ, പൂരിതവും ട്രാൻസ് ഫാറ്റും അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കുകയോ നന്നായി നിയന്ത്രിക്കുകയോ ചെയ്യുക. നാല്‍പതുകള്‍ കഴിഞ്ഞാല്‍ ഭക്ഷണനിയന്ത്രണം പ്രധാനം. വറുത്തതും പൊരിച്ചതും, ബേക്കറി, റെഡ് മീറ്റ്, പ്രോസസ് ചെയ്ത നിയന്ത്രിയ്ക്കുക.
ഏറെ നേരം ഇരിയ്ക്കാതിരിയ്ക്കുക. ഇടയ്ക്കിടെ എഴുന്നേറ്റ് നടക്കുക. ദിവസവും വ്യായാമം ചെയ്യാം. മുട്ടു മടങ്ങാതെ പാദത്തില്‍ തൊടാന്‍ സാധിയ്ക്കുമോയെന്നറിയണം. സാധിയ്ക്കാതെ വന്നാല്‍ ആരോഗ്യകരമല്ലെന്നര്‍ത്ഥം. ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. ജോഗിംഗ്, നീന്തൽ സൈക്ലിംഗ് പോലുള്ള ഹൃദയത്തിന് ഗുണകരമായ വ്യായാമങ്ങൾ ചെയ്യണം. ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.
ഉറക്കം പ്രധാനം. 7 മണിക്കൂര്‍ ഉറക്കം പ്രധാനം, 9 മണിക്കൂറില്‍ കൂടുതലും ഉറങ്ങരുത്. ഇത് പ്രധാനമാണ്. കൂടുതല്‍ ഉറക്കവും കുറവ് ഉറക്കവും വേണ്ടെന്നര്‍ത്ഥം.
മദ്യപാനം നിയന്ത്രിയ്ക്കുക. വല്ലപ്പോഴുമാകാം, സ്ഥിരം ശീലമാക്കരുത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍ തീര്‍ത്തും ഒഴിവാക്കുക.പുകവലി ഒഴിവാക്കുക. നിര്‍ബന്ധമായും. പുകവലി ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കും.പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ ഇപ്പോൾത്തന്നെ ഒഴിവാക്കാൻ ശ്രമിക്കുക. ഇതിനായി ആരോഗ്യ വിദഗ്ധരുടെ സഹായമോ ലഹരിവിമുക്തി ചികിത്സയോ തേടുക. കുടുംബത്തില്‍ ഹൃദയാഘാതപാരമ്പര്യമെങ്കില്‍ ഇതിനുള്ള ചെക്കപ്പുകള്‍ ചെയ്യുക. പരിഹാരം
തേടുക.
വിട്ടുമാറാത്ത സമ്മർദ്ദം ഹൃദ്രോഗത്തിന് കാരണമാകും. വ്യായാമം, ധ്യാനം, യോഗ, അല്ലെങ്കിൽ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും പിന്തുണ തേടുന്നത് പോലുള്ള സമ്മർദ്ദം നിയന്ത്രിക്കാൻ ആരോഗ്യകരമായ വഴികൾ തെരഞ്ഞെടുക്കുക
രക്തസമ്മർദ്ദവും കൊളസ്ട്രോളിന്റെ അളവും ഹൃദയാഘാതത്തിനുള്ള അപകട ഘടകങ്ങളാണ്. ഡോക്ടറുടെ മാർഗനിർദേശം അനുസരിച്ച് ഇവ രണ്ടും പതിവായി പരിശോധിക്കുകയും നിയന്ത്രിക്കാൻ ആവശ്യമായ മാർഗങ്ങൾ തേടുകയും ചെയ്യുക.
Discussion about this post