ബംഗളൂരു: ജോലിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർ സിഇഒയുടെ വിസയുമായി കടന്നുകളഞ്ഞതായി പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗളൂരുവിലെ പ്രമുഖ സ്റ്റാർട്ട്അപ്പ് കമ്പനിയായ സാർതി എഐയിലെ സിഇഒ വിശ്വനാഥ് ഝായുടെ പാസ്‌പോർട്ട് ആണ് മോഷണം പോയത്.
അടുത്തിടെ കമ്പനിയിൽ നിന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇതേ തുടർന്ന് ജോലി നഷ്ടമായ സീനിയർ ജീവനക്കാരനാണ് പാസ്‌പോർട്ടുമായി കടന്നു കളഞ്ഞത് എന്നാണ് പരാതി. യുഎസ് വിസ സ്റ്റാംപ് ചെയ്ത പാസ്‌പോർട്ടാണ് ജീവനക്കാനർ കൊണ്ട് പോയതെന്ന് സിഇഒയുടെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഒരു വർഷമായി കമ്പനി വലിയ സാമ്പത്തിക നഷ്ടത്തിലാണ്. ഇതോടെ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയായി. ഇതിൽ പ്രതിഷേധമുയർന്നതോടെ എല്ലാവരെയും കൂട്ടത്തോടെ പിരിച്ചുവിടുകയായിരുന്നു. നിലവിലുള്ള ജീവനക്കാർക്ക് ശമ്പളം നൽകാനും കമ്പനിയുടെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കാനും കൂടുതൽ പണം കണ്ടെത്താൻ അമേരിക്കയിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു വിശ്വനാഥ്. ഇതിനിടെയാണ് വിസയുമായി ജീവനക്കാരൻ മുങ്ങിയത്. ഇതോടെ തനിയ്ക്ക് വിദേശത്തേക്ക് പോകാൻ കഴിയുന്നില്ലെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം പാസ്‌പോർട്ട് കൊണ്ട് പോയ ജീവനക്കാരനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
Discussion about this post