പാലക്കാട്: എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്ന പശ്ചാത്തലത്തിലാണ് അന്വേഷണം പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. മണ്ണാർക്കാട് പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.
കേസിൽ ദുരൂഹതയുണ്ടെന്നും അതിനാൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷാഹിനയുടെ ഭർത്താവ് മൈലംകോട്ടിൽ മുഹമ്മദ് സാദിഖും മക്കളും ബന്ധുക്കളും പോലീസ് സ്‌റ്റേഷന് മുൻപിൽ സമരം ചെയ്തിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. ഷാഹിനയുടെ മരണത്തിന് കാരണക്കാരനായ വ്യക്തിയെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും, രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് അന്വേഷണം വൈകിപ്പിക്കുന്നുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
കഴിഞ്ഞ മാസമാണ് ഷാഹിനയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ആയിരുന്നു ഷാഹിന. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്നതിനിടെ ആയിരുന്നു ഷാഹിനയുടെ മരണം.
Discussion about this post