ഹൃദയാഘാതത്തിന് മുൻപ് ശരീരം നമുക്ക് ചില ലക്ഷണങ്ങൾ കാണിച്ചു തരാറുണ്ട്. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുകയും കൃത്യസമയത്ത് ചികിത്സ തേടുകയും ചെയ്താൽ ഒരു പരിധിവരെ ഹൃദയാഘാതത്തെ ചെറുക്കാൻ കഴിയുന്നതാണെന്നാണ് മെഡിക്കൽ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.
അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, അമിതമായ ജോലി, ഉറക്കം കുറവ് എന്നിവയെല്ലാം ഹൃദയത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഘടകങ്ങളാണ്. ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുകയും ചെയ്തുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയുന്നതാണ്.
ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ ശരീരം കാണിച്ചു തരുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് കാരണങ്ങളൊന്നും ഇല്ലാതെ ഉണ്ടാകുന്ന ക്ഷീണം. പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ നിങ്ങൾ എല്ലായ്പ്പോഴും ക്ഷീണിതനാണെന്ന് തോന്നുകയാണെങ്കിൽ അതൊരു രോഗത്തിന്റെ സൂചനയായി കണ്ട് വൈദ്യോപദേശം തേടേണ്ടതാണ്. ഇടയ്ക്കിടെ ഉണ്ടാകുന്ന ബോധക്ഷയമാണ് മറ്റൊരു ലക്ഷണം. രക്തസമ്മർദ്ദം കുറഞ്ഞ് ബോധക്ഷയം ഉണ്ടാവുന്നതടക്കമുള്ള പല ലക്ഷണങ്ങളും ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് സൂചന നൽകുന്നതാണ്.അസാധാരണമായ രീതിയിൽ നിങ്ങൾക്ക് ബോധക്ഷയം ഉണ്ടാവുകയാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് വിശദപരിശോധന നടത്തേണ്ടത് ആവശ്യമാണ്.
പെട്ടെന്ന് ശരീരഭാരം വർദ്ധിക്കുന്നതും ഹൃദയസംബന്ധമായ പ്രശ്നത്തിന്റെ ഒരു സൂചനയാണ്. അതുപോലെതന്നെ പ്രത്യേക കാരണം ഇല്ലാതെ ഉണ്ടാകുന്ന ഓക്കാനം, ദഹനക്കേട്, വിശപ്പില്ലായ്മ എന്നിവയും ഹൃദയം ആരോഗ്യകരമല്ല എന്ന് നൽകുന്ന സൂചനകൾ ആണ്. ശ്രദ്ധിക്കേണ്ട മറ്റൊരു ലക്ഷണമാണ് നിരന്തരമായി ഉണ്ടാകുന്ന ചുമ. ശരീരത്തിലേക്ക് രക്തം എത്തിക്കാൻ ഹൃദയത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അത് ശ്വാസകോശത്തിലേക്ക് എത്തുകയും നിരന്തരമായ ചുമയ്ക്ക് കാരണമാവുകയും ചെയ്യുന്നതാണ്. പ്രത്യേകിച്ച് രാത്രിയിൽ കിടക്കുന്ന സമയത്ത് നിങ്ങൾ സ്ഥിരമായി ചുമയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ല എന്നുള്ളതിന്റെ മറ്റൊരു അടയാളമാണ് കാലുകളിൽ ഉണ്ടാകുന്ന വീക്കം. നീർക്കെട്ട് പോലുള്ള പ്രശ്നങ്ങൾ കാലുകളിൽ ഉണ്ടാകുന്നതിന് പ്രധാനമായും കാരണമാകുന്നത് ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നതുമൂലം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വേണ്ടത്ര രക്തചംക്രമണം നടക്കുന്നില്ല എന്നുള്ളതാണ്. അതുപോലെതന്നെ മോണ വീക്കം, ശ്വാസംമുട്ടൽ, ക്രമരഹിതമായ ഹൃദയസ്പന്ദനം എന്നിവയും ശ്രദ്ധ കൊടുക്കേണ്ട ലക്ഷണങ്ങളാണ്. സ്ഥിരമായി നീണ്ടുനിൽക്കുന്ന കാൽവിരലുകളിലെ വേദന, ഉറക്കം സ്ഥിരമായി തടസ്സപ്പെടുന്നത്, സ്ഥിരമായി ഉണ്ടാകുന്ന പുറം വേദന, പുരുഷന്മാരിൽ ഉണ്ടാകുന്ന ഉദ്ധാരണക്കുറവ് എന്നിവയും പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ആകാറുണ്ട്. ഇത്തരത്തിൽ ശരീരം നൽകുന്ന സൂചനകൾക്ക് ശ്രദ്ധ നൽകുകയും വൈദ്യസഹായം തേടുകയും ചെയ്യുന്നത് വഴി ഹൃദയാഘാതത്തെ തടയാൻ കഴിയുന്നതാണ്.
Discussion about this post