നമ്മുടെ രാജ്യത്ത് ഓരോ സംസ്ഥാനത്തിനും മദ്യത്തെ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണുള്ളത്. കേരളത്തിലും മദ്യനിർമ്മാണം, വില്പന, കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് തുടങ്ങിയവയ്ക്ക് വ്യക്തമായ നിയമ സംഹിതയുണ്ട്. അബ്കാരി ആക്ട്- 1967 എന്നറിയപ്പെടുന്ന ഈ നിയമം തിരുവിതാംകൂർ, കൊച്ചി, മലബാർ അബ്കാരി നിയമങ്ങൾ ക്രോഡീകരിച്ച് ഒരു ഏകീകൃത നിയമമായി നിലവിൽ വന്നത് 1967-ൽ ആണ്. കാലക്രമേണ നിരവധി ഭേദഗതികളും ഈ നിയമത്തിനുണ്ടായി. അബ്കാരി നിയമത്തിന്റെ അടിസ്ഥാന പ്രമാണം ഏറ്റവും ചെറിയ ഉപഭോഗത്തിൽനിന്ന് ഏറ്റവും കൂടിയ വരുമാനം ഉണ്ടാക്കുക എന്നാണ്.മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉത്പാദനം, വില്പന, കടത്തിക്കൊണ്ടുപോകൽ, നിയമം ലംഘിച്ചാൽ ഉണ്ടാകുന്ന ശിക്ഷകൾ എന്നിവ ഉൾപ്പെടെയുള്ളവയെപ്പറ്റി 1967- ലെ അബ്കാരി ആക്ടിലും, തുടർന്നുവന്ന നിരവധി ഭേദഗതികളിലും പ്രതിപാദിച്ചിട്ടുണ്ട്. അവയിൽ, ഇനി പറയുന്ന അബ്കാരി കുറ്റങ്ങൾക്ക് പത്തുവർഷം വരെ തടവും ഒരുലക്ഷം രൂപവരെ പിഴയും ലഭിക്കാം.
ചാരായം ഉത്പാദനം, വില്പന, കൈവശം വയ്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താൽ.അനധികൃതമായി മദ്യനിർമ്മാണശാല സ്ഥാപിക്കുകയോ മദ്യം നിർമ്മിക്കുകയോ കടത്തുകയോ ചെയ്താൽ.അനധികൃതമായി മദ്യം വില്പനയ്ക്കായി സംഭരിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ.മദ്യനിർമ്മാണത്തിനു വേണ്ടി ‘വാഷ്” സൂക്ഷിക്കുന്നതോ വാറ്റ് സെറ്റ് ഘടിപ്പിച്ചിരിക്കുന്നതോ കാണപ്പെട്ടാൽ.അനധികൃതമായി മദ്യം വില്പനയ്ക്കായി സംഭരിക്കുകയോ വില്പന നടത്തുകയോ ചെയ്താൽ.കള്ളുഷാപ്പിൽ വിദേശമദ്യം സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്താൽ.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ മദ്യപിക്കുവാൻ പാടില്ല. തെരുവുകൾ, പൊതുസ്ഥലങ്ങൾ, റസ്റ്റ് ഹൗസുകൾ, ടിബികൾ, ഹോട്ടലുകൾ, സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾ മുതലായവയിൽ വച്ച് മദ്യപിച്ചാൽ രണ്ടുവർഷം വരെ തടവും. 500 രൂപവരെ പിഴയും ലഭിക്കാം. 23 വയസിനു താഴെയുള്ളവർ മദ്യം കൈകാര്യം ചെയ്യുകയോ കഴിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. 23 വയസിനു താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കുകയോ കൈമാറ്റം ചെയ്യുവാനോ പാടില്ലാത്തതാകുന്നു. ഈ കുറ്റത്തിന് രണ്ടു വർഷംവരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
വ്യക്തിക്ക് സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് ഇനി പറയും പ്രകാരമാണ്: ഇന്ത്യൻ നിർമ്മിത വിദേശമദ്യം: 3 ലിറ്റർ, വിദേശ നിർമ്മിതി വിദേശമദ്യം: 2.5 ലിറ്റർ, കൊക്കോ ബ്രാൻഡി: 1 ലിറ്റർ, ബിയർ: 3.5 ലിറ്റർ, വൈൻ: 3.5 ലിറ്റർ, കള്ള്: 1.5 ലിറ്റർ. തെങ്ങ്, പന, ചൂണ്ടപ്പന എന്നിവയിൽ നിന്ന് കള്ള് ചെത്തിയെടുക്കുന്നതിന് അവകാശമുള്ളയാൾ, ലൈസൻസ് ലഭിച്ചിട്ടുള്ള വ്യക്തിക്ക് വിൽക്കാവുന്നതാണ്. സൈനിക ഉദ്യോഗസ്ഥർക്കും വിരമിച്ച സൈനികർക്കും അവർക്ക് അനുവദിച്ചിട്ടുള്ള ക്വാട്ടയിൽ കവിയാത്ത അളവിൽ മദ്യം കൈവശം സൂക്ഷിക്കാം. സൂക്ഷിക്കുന്ന മദ്യം അനുവദിച്ചതിന്റെ ബില്ലോ, ക്യാന്റീൻ ഓഫീസറുടെ സാക്ഷ്യപത്രമോ ബന്ധപ്പെട്ടവർ പരിശോധനയ്ക്ക് ആവശ്യപ്പെട്ടാൽ യഥാസമയം ഹാജരാക്കണം. വീട്ടിലെ സ്വകാര്യ ചടങ്ങുകളിലും പ്രായപൂർത്തിയായ സ്ഥിരാംഗങ്ങളുടെ കൈവശം വയ്ക്കാവുന്ന അത്രയും അളവ് മദ്യമേ പ്രസ്തുത ചടങ്ങുകൾക്ക് വിളമ്പാവൂ.
Discussion about this post