തമിഴിൽ വിക്രം നായകനായി എത്തിയ തങ്കലാൻ എന്ന ചിത്രം വലിയ നിരൂപക പ്രശംസയാണ് നേടുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ ഒരുക്കിയിട്ടുള്ളത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രം പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1800 കാലഘട്ടത്തിൽ കർണാടകയിലെ കെജിഎഫ് ഖനിയുമായി ബന്ധപ്പെട്ട് നടന്ന ചില സംഭവങ്ങളാണ് ഈ ചിത്രത്തിൽ പറയുന്നത്.
തങ്കലാൻ ശ്രദ്ധിക്കപ്പെടുമ്പോൾ തന്നെ തമിഴിൽ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട മറ്റു ചില ചിത്രങ്ങളും ചർച്ചയാവുകയാണ്. അത്തരത്തിൽ യഥാർത്ഥ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ചിത്രീകരിക്കപ്പെട്ട ചില പ്രധാന തമിഴ് സിനിമകൾ ഏതൊക്കെയാണെന്ന് കാണാം,
വിസാരണൈ
വെട്രിമാരൻ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2016ലാണ് പുറത്തിറങ്ങിയിരുന്നത്.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എം ചന്ദ്രകുമാർ രചിച്ച ‘ലോക്ക്-അപ്പ്’ എന്ന തമിഴ് നോവലിൻ്റെ ആവിഷ്കാരമാണ് വിസാരണൈ. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ തെരുവുകളിൽ ചുറ്റിത്തിരിയുന്ന നാല് സുഹൃത്തുക്കളെ സംശയത്തിൻ്റെ പേരിൽ പോലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത 13 ദിവസത്തേക്ക്, പോലീസ് ഉദ്യോഗസ്ഥർ അവരെ നിഷ്കരുണം മർദ്ദിക്കുകയും ചെയ്യാത്ത കുറ്റം ഏറ്റുപറയാൻ നിർബന്ധിതരാകുകയും ചെയ്യുന്ന ഭയാനകമായ അനുഭവങ്ങൾ ആണ് വിസാരണൈ എന്ന ചിത്രം പറയുന്നത്.
കാതൽ
ഭരതും സന്ധ്യയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2004 ൽ പുറത്തിറങ്ങിയ കാതൽ സംവിധാനം ചെയ്തത് ബാലാജി ശക്തിവേലാണ്. ഒരു യഥാർത്ഥ ദമ്പതികളുടെ കഥ കേട്ട ചിത്രത്തിൻ്റെ സംവിധായകൻ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിൽ സാങ്കൽപ്പിക ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ സിനിമയുടെ ക്ലൈമാക്സ് സത്യമാണെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
കല്ലൂരി
അഖിൽ, തമന്ന, ഭരണി തുടങ്ങിയവർ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ കാതൽ ബാലാജി ശക്തിവേലാണ് സംവിധാനം ചെയ്തത്. 2000ത്തിൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കല്ലൂരി എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. തമിഴ്നാട്ടിലെ ധർമ്മപുരിയിൽ ഉണ്ടായ ബസ് കത്തിക്കലിൽ തമിഴ്‌നാട് കാർഷിക സർവ്വകലാശാലയിലെ മൂന്ന് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നടുവുല കൊഞ്ചം പാക്കാത കനോം
നവാഗതനായ ബാലാജി തരണീധരൻ സംവിധാനം ചെയ്ത് 2012 ൽ പുറത്തിറങ്ങിയ ചിത്രമാണ് നടുവുല കൊഞ്ചം പാക്കാത കനോം. വിജയ് സേതുപതി, ഗായത്രി ശങ്കർ, വിഘ്‌നേശ്വരൻ പളനിസാമി, ഭഗവതി പെരുമാൾ, രാജ്‌കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഛായാഗ്രാഹകൻ സി പ്രേംകുമാറിൻ്റെ യഥാർത്ഥ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയിൽ തട്ടുകയും ജീവിതത്തിലെ ഏതാനും വർഷങ്ങൾ മറന്നു പോകുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.
Discussion about this post