എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയുള്ള ചർച്ചകൾ ഇപ്പോഴും പുരോഗമിക്കുകയാണ്. റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം നിരവധി പേരാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. ഇപ്പോൾ ഗതാഗത മന്ത്രിയും നടനുമായ ഗണേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ.
പ്രമുഖ നടനെ സിനിമാ മേഖലയിലെ 15 പേർ ചേർന്ന് ഒതുക്കി എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നത് തന്റെ പിതാവായ തിലകനെ കുറിച്ച് തന്നെയാണെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തി. സിനിമാ മേഖലയിലെ മാഫിയ സംഘമായി പ്രവർത്തിക്കുന്ന 15 പേരുടെ പവർ ഗ്രൂപ്പിനെ കുറിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. അവർ ആഗ്രഹിക്കുന്നതെന്തും ഇവിടെ ചെയ്യാൻ കഴിയും. ഈ പവർ ഗ്രൂപ്പ് ഒരു പ്രമുഖ നടനെ ഇൻഡസ്ട്രീയിൽ നിന്നും ഒഴിവാക്കി എന്നും ഹേമ കമ്മിറ്റിയിൽ പറയുന്നു. ഈ പ്രമുഖ നടൻ തന്റെ അച്ഛൻ തന്നെയാണെന്ന് ഷമ്മി തിലകൻ പറഞ്ഞു.
ഈ 15 പേർ ചേർന്ന് പിതാവിനെ സിനിമയിൽ നിന്നും പുറത്താക്കി. തുടർന്ന് അദ്ദേഹം സീരിയലിൽ അഭിനയിച്ചു തുടങ്ങി. എന്നാൽ, ഈ സംഘത്തിന്റെ പിടിയിൽ നിന്നും അവിടെയും അദ്ദേഹത്തിന് രക്ഷയുണ്ടായില്ല. ആ സമയത്ത് ടൈലിവിഷൻ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഒരു സിനിമ താരമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ താരം ഗണേഷ് കുമാറാണെന്നും ഷമ്മി വ്യക്തമാക്കി.
അമ്മയുടെ മീറ്റിങ്ങിൽ ഒരു പ്രമുഖ താരം തിലകനെ ആക്ഷേപിക്കുകയും അദ്ദേഹത്തോട് ഒച്ച വയ്ക്കുകയും ചെയ്തു. അച്ഛൻ പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായി ആശുപത്രിയിൽ കിടന്ന സമയത്ത് ഇതേ നടൻ തന്നെ അദ്ദേഹത്തെ കാണാൻ വന്നിരുന്നു. തിലകൻ ബാപ്പയെ പോലെയാണെന്നാണ് അദ്ദേഹം അന്ന് തന്നോട് പറഞ്ഞതെന്നും ഷമ്മി തിലകന കൂട്ടിച്ചേർത്തു.
Discussion about this post