ടെഹ്‌റാൻ: ഇറാനിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പാകിസ്താൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം. സിന്ധ്പ്രവിശ്യയിലെ ലർക്കാനിൽ നിന്നുള്ള 35 ഷിയാ തീർത്ഥാടകർ ആണ് കൊല്ലപ്പെട്ടത്. ഇറാനിലെ യാസ്ദിൽ ആയിരുന്നു അപകടം.
ഇറാഖിലെ കാർബലയിലുള്ള ഹുസൈൻ ദേവാലയത്തിലേക്ക് തീർത്ഥാടനത്തിനായി പോകുകയായിരുന്നു സംഘം. ഇതിനിടെയാണ് അപകടം ഉണ്ടായത്. രാത്രിയായിരുന്നു അപകടം. സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത് എന്നാണ് സൂചന.
53 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ളവർക്ക് അപകടത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ടവരിൽ 11 സ്ത്രീകളും 17 പുരുഷന്മാരും ഉണ്ട്. കുട്ടികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
Discussion about this post