എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തോടുള്ള പ്രതികരണം വിമർശനമായതിന് പിന്നാലെ, ക്ഷമാപണം നടത്തി നടൻ വിനയ് ഫോർട്ട്. ഇത്രയും ഗൗരവമേറിയ ഒരു വിഷയത്തെ കുറിച്ച് താൻ ഇങ്ങനെ പ്രതികരിക്കാൻ പാടില്ലായിരുന്നു. ആരെയെങ്കിലും തന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും താരം പറഞ്ഞു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു വിനയ് ഫോർട്ടിന്റെ പ്രതികരണം.
‘ഫൂട്ടേജ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ കാണുന്നതിനിടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ചിത്രം കണ്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ എപ്പോഴും തമാശകൾ പറയുന്ന എന്റെ വളരെയടുത്ത ഓൺലൈൻ സുഹൃത്തുക്കളെ കാണുകയുണ്ടായി. അവർ വന്നപ്പോൾ സിനിമയുടെ റിവ്യൂ ചോദിക്കാനാണ് എന്നാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, അവർ ചോദിച്ചത് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചാണ്.
അത് വളരെ ഗൗരവമേറിയ ദീർഘമായ ഒരു റിപ്പോർട്ടാണ്. അതിനെ കുറിച്ച് പറയുമ്പോൾ അത് മനസിലാക്കണം, പഠിക്കണം, എന്നിട്ട് വേണം പ്രതികരിക്കാൻ. അല്ലാതെ, വായിതോന്നുന്നത് പറയുന്നത് വിഢിത്തരമാണെന്നാണ് ഞാൻ കരുതുന്നത്. ഞാൻ അവരോട് പറഞ്ഞ കാര്യങ്ങളിൽ ഒരു ഭാഗമാണ് നിങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. എന്നാൽ, അത് വീണ്ടും കണ്ടുകഴിഞ്ഞപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെയുള്ള അത്ര ഗൗരവമേറിയ റിപ്പോർട്ടിനോട് പ്രതികരിക്കേണ്ട രീതിയിലല്ലായിരുന്നു എന്റെ ശരീരഭാഷ എന്ന് എനിക്കും തോന്നി. കുറച്ച് സുഹൃത്തുക്കളെ അത് വേദനിപ്പിച്ചതായി ഞാൻ അറിഞ്ഞു. എന്റെ പ്രതികരണം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’- വിനയ് ഫോർട്ട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. അറിയാത്ത വിഷയത്തെ കുറിച്ച് താന പറയില്ല എന്നായിരുന്നു നടന്റെ പ്രതികരണം. വേറെ എന്തൊക്കെ പരിപാടികളുണ്ട്.. സമയം കിട്ടണ്ടേ, മലയാള സിനിമ അടിപൊളിയാണ് എന്നുമൊക്കെയുള്ള നടന്റെ പ്രതികരണം ഏറെ വിമർശനങ്ങൾക്ക് കാരണമാകുകയായിരുന്നു.
Discussion about this post