ലിമ : മത്സരത്തിനിടയിൽ മൂത്രമൊഴിച്ചതിന് ചുവപ്പുകാർഡ് ലഭിക്കുന്ന അപൂർവ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പെറു. കോപ്പ പെറു ടൂർണമെന്റിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. പെറു താരം സെബാസ്റ്റ്യൻ മുനോസിനാണ് ഗ്രൗണ്ടിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ റഫറിയിൽ നിന്നും ചുവപ്പുകാർഡ് ലഭിച്ചത്.
മത്സരത്തിനിടയിൽ കോർണർ കിക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആരുടെയും ശ്രദ്ധയിൽപ്പെടില്ല എന്ന് കരുതി ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്ക് ആണ് സെബാസ്റ്റ്യൻ മൂത്രമൊഴിച്ചത്. എന്നാൽ സംഭവം ക്യാമറകണ്ണുകൾ കൃത്യമായി ഒപ്പിയെടുത്തതാണ് താരത്തിന് വിനയായത്. മത്സരത്തിന്റെ 71ആം മിനിറ്റിൽ നടന്ന ഈ സംഭവത്തിന് പിന്നാലെ ചുവപ്പുകാർഡ് കിട്ടിയെന്ന് മാത്രമല്ല ഇപ്പോൾ ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയും കൂടി ചെയ്തിരിക്കുകയാണ്.
മത്സരത്തിനിടയിൽ എതിർ ടീമിന്റെ ഗോൾകീപ്പറിന് പരിക്കേറ്റതിനെ തുടർന്ന് സെബാസ്റ്റ്യൻ മുനോസിന്റെ കോർണർ കിക്ക് അല്പം വൈകിയിരുന്നു. പരിക്കേറ്റ താരത്തെ ചികിത്സിക്കാനായി വൈദ്യസംഘം ഗ്രൗണ്ടിലേക്ക് എത്തിയ സമയത്ത് ആണ് സെബാസ്റ്റ്യൻ ഗ്രൗണ്ടിന്റെ സൈഡിൽ ആയി മൂത്രം ഒഴിച്ചത്. എന്നാൽ എതിർ ടീമിലെ ചില താരങ്ങൾ ഈ രംഗം കണ്ടതോടെ റഫറിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് വീഡിയോ പരിശോധിച്ച റഫറി ഉടൻതന്നെ സെബാസ്റ്റ്യന് ചുവപ്പുകാർഡ് നൽകുകയും ചെയ്തു.
Discussion about this post