ഹിസ്ബുള്ളയുടെ ഐആർജിസി ( ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്) തലവൻ അൽ മഖ്ദ ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ലെബനനിലെ സിഡോൺ മേഖലയിൽ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ ഭീകരൻ ഖലീൽ ഹുസൈൻ ഖലീൽ അൽ മഖ്ദ കൊല്ലപ്പെട്ടതായി ഐഡിഎഫ് വക്താവ് സ്ഥിരീകരിച്ചു.
ഹിസ്ബുള്ളയുടെ ഐആർജിസിയുടെ മുതിർന്ന നേതാക്കൻമാരാണ് ലെബനൻ സ്വദേശിയായ മൗനിർ അൽ മഖ്ദയും സഹോദരൻ ഖലീൽ അൽ മഖ്ദയും. ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിന് മൗനിർ അൽ മഖ്ദയും ഖലീൽ അൽ മഖ്ദയും സഹായിച്ചതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഹിസ്ബുള്ളയുടെ ഐആർജിസിയുടെ പ്രധാന നേതാക്കളിലൊരാളാണ് ലെബനനിൽ താമസിക്കുന്ന മൗനിർ അൽ മഖ്ദ.
ഇരുവരും ഐആർജിസിക്ക് വേണ്ടി പ്രവർത്തിക്കുകയും ഭീകരാക്രമണങ്ങൾ നയിക്കുകയും ചെയ്തിരുന്നുവെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. വെസ്റ്റ്ബാങ്ക് ആക്രമണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി ഫണ്ടുകളും ആയുധങ്ങളും കൈമാറുന്നതിലും ഇരുവരും ഏർപ്പെട്ടിരുന്നു.
ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അംഗങ്ങൾ 2022 ഒക്ടോബർ 17-ന് ഇറാനിലെ കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ അറസ് ഏരിയയിൽ നടന്ന ഗ്രൗണ്ട് ഫോഴ്‌സ് മിലിട്ടറി ഡ്രില്ലിൽ പങ്കെടുക്കുന്നതിൻറെ ചിത്രങ്ങളും ഇസ്രായേൽ പുറത്തുവിട്ടു. 2024 മാർച്ചിൽ വെസ്റ്റ് ബാങ്കിലേക്ക് കടത്തിയ ആയുധങ്ങൾ തീവ്രവാദ സ്ക്വാഡുകൾക്ക് വേണ്ടിയുള്ളതായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
ഐആർജിസിയുടെ രഹസ്യാന്വേഷണ വിഭാഗമായ യൂണിറ്റ് 4000-ലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് വിഭാഗം തലവൻ ജവാദ് ജാഫരി, ഇറാനിയൻ ഖുദ്‌സ് ഫോഴ്‌സിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് യൂണിറ്റ് യൂണിറ്റ് 840 കമാൻഡർ അഷ്ഗർ ബക്കാരി എന്നിവർക്കും ആക്രമണത്തിൽ പങ്കുള്ളതായി ഐഡിഎഫ് കണ്ടെത്തിയിരുന്നു. ഇസ്രായേലിലേക്കുള്ള ആയുധകടത്തും ഭീകരാക്രമണങ്ങളുടെ ആസൂത്രണവും ഇവരാണ് നടത്തിയതെന്നും സേന വ്യക്തമാക്കി.











Discussion about this post