പെൺകുട്ടികൾ വിവാഹത്തിനോട് വിമുഖത കാണിക്കുകയും വിവാഹിതരായ സ്ത്രീകൾക്ക് വിവാഹം കഴിച്ചതിൽ കുറ്റബോധം തോന്നുകയും ചെയ്യുന്നത് വർദ്ധിക്കുന്നതായി പഠനങ്ങൾ. പുരുഷൻമാർ വിവാഹിതരാവാൻ തയ്യാറാണെങ്കിലും സ്ത്രീകളെ ലഭിക്കാത്ത പ്രശ്‌നങ്ങൾ ആണ് ഇപ്പോൾ നേരിടുന്നത്.
കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ, കടമകൾ മുതലായവ നിർവഹിക്കുന്നതിനുള്ള വിമുഖത, ഗർഭം ധരിക്കുന്നതിനുള്ള താൽപര്യക്കുറവ്, കുട്ടികളെ വളർത്തുന്നതിനുള്ള മടി തുടങ്ങിയ ഘടകങ്ങൾ ആണ് വിവാഹ പേടിയിലേക്ക് പെൺകുട്ടികളെ എത്തിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും വിവാഹം വേണ്ട എന്ന് പറയാറില്ല, മറിച്ചു പിന്നെത്തേയ്ക്ക് മാറ്റി വയ്ക്കുകയാണ് ചെയ്യുന്നത്. അത് അങ്ങനെ നീണ്ടു പോകുന്നു. എന്താണ് ഒറ്റയ്ക്കുള്ള ജീവിതം തിരഞ്ഞെടുത്താൽ കുഴപ്പമെന്നാണ് പെൺകുട്ടികൾ ചോദിക്കുന്നത്.
ഇന്ത്യയിലെ ഒരു ഡേറ്റിങ് ആപ്പ് നടത്തിയ സർവേയിൽ, ഇവിടുത്തെ മുക്കാൽ ശതമാനത്തോളം പെൺകുട്ടികളും വിവാഹം കഴിക്കാതെ ഒറ്റയ്ക്കുള്ള ജീവിതമാണ് ആഗ്രഹിക്കുന്നതെന്നു പറയുന്നു.
പ്രണയ വിവാഹങ്ങൾ കൂടുന്നതുകൊണ്ടോ ലിവിംഗ് ടുഗെതർ കൂടുന്നതുകൊണ്ടോ ജാതക പ്രശ്‌നങ്ങളോ തുടങ്ങിയ മറ്റ് കാരണങ്ങൾ കൊണ്ടല്ല പെൺകുട്ടികളുടെ പ്രൊഫൈൽ എണ്ണം കുറയുന്നതെന്ന് മാട്രിമോണിയൽ സ്ഥാപനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പണ്ട് അഞ്ചു പെണ്ണുകാണൽ നടന്നാൽ ഒന്നോ രണ്ടോ വിവാഹങ്ങൾ നടക്കുമായിരുന്നു, എന്നാൽ ഇപ്പോൾ പത്തു പെണ്ണുകാണൽ നടന്നാലും ഒരെണ്ണം നടന്നാൽ നടന്നു.
ആൺകുട്ടികൾ പലതരത്തിലും ഉള്ള വിട്ടുവീഴ്ചകൾക്ക് തയ്യാറാണ്, പക്ഷെ പെൺകുട്ടികൾ ഒട്ടും തയ്യാറല്ല എന്നാണ്. തുടക്കത്തിൽ നല്ല ആലോചനകൾ വരുമ്പോൾ വലിയ ഡിമാൻഡ് ആണ് പെൺകുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്, അതിനനുസരിച്ചു കിട്ടാതെ വർഷങ്ങൾ കടന്നുപോകുകയും പിന്നെ കിട്ടുന്നതിനെ വിവാഹം കഴിക്കുകയോ വിവാഹം കഴിക്കാതെയോ മുന്നോട്ടു പോവുകയോ ആണ് ചെയ്യുന്നതെന്നും ചില മാട്രിമോണി സൈറ്റുകാർ സാക്ഷ്യപ്പെടുത്തുന്നു.
ചില പെൺകുട്ടികൾ ഫിനാൻഷ്യൽ ഇൻഡിപെൻഡന്റ് ആയിട്ട് മതി വിവാഹം എന്നും തീരുമാനിക്കുന്നു.വിവാഹജീവിതം ദുരന്തമാണെന്നും സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുമെന്നുമുള്ള ചിന്തയും പെൺകുട്ടികളെ പിന്നോട്ട് വലിക്കുന്നു.ഉന്നത വിദ്യാഭ്യാസം ലഭിച്ച ആൺകുട്ടികളുടെ എണ്ണം പെൺകുട്ടികളേക്കാൾ തുലോം കുറവാകുന്നതും വിവാഹങ്ങൾ വൈകുന്നതിന് കാരണമാകുന്നു. മുൻകാലങ്ങളിൽ രക്ഷാകർത്താക്കൾ അല്ലെങ്കിൽ ബന്ധുക്കൾ മുൻകൈ എടുത്തായിരുന്നു വിവാഹങ്ങൾ അധികവും നടന്നിരുന്നത്. എന്നാലിന്ന് പെൺകുട്ടികളുടെ അഭിപ്രായവും മാനിക്കേണ്ടി വരുന്നതിനാൽ വിവാഹം വൈകുന്നുവെന്ന അഭിപ്രായക്കാരും ഉണ്ട്.
മറ്റ് ചിലയിടത്ത് വിവാഹം വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്ന ഭർതൃമതികളുടെ എണ്ണവും വർദ്ധിക്കുന്നു.ആരോഗ്യകരമായ ബന്ധം അല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുമ്പോൾ അത് ജീവിതത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും വിവാഹ ശേഷം സ്ത്രീകൾ ഖേദിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
വിവാഹ ജീവിതത്തെക്കുറിച്ചും ചില പ്രതീക്ഷകളോടെയാണ് നാം ഓരോരുത്തും എത്തുന്നത്. എന്നാൽ പലപ്പോഴും ഇതൊന്നും നടക്കാതെ പോവുകയും പ്രതീക്ഷക്ക് വിപരീതമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുകയും ചെയ്യുമ്പോൾ അത് കൂടുതൽ വെല്ലുവിളികളും സമ്മര്ദ്ദവും ഡിപ്രഷനും എല്ലാം ജീവിതത്തിൽ ഉണ്ടാക്കുന്നു. ഇത് വിവാഹ ശേഷം സ്ത്രീകളിൽ അമിതഭാരം മനസ്സിനുണ്ടാക്കുന്നു. ഈ അവസ്ഥയിൽ ഒഴിവാക്കാമായിരുന്നു വിവാഹം എന്ന തോന്നൽ പലർക്കും ഉണ്ടാവും.
വിവാഹം കഴിഞ്ഞാലും പങ്കാളിയുമായുള്ള അടുപ്പക്കുറവ് സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരം അടുപ്പക്കുറവും പ്രശ്നങ്ങളും വിവാഹത്തിന് മാനസികമായി തയ്യാറാവാത്തതും എല്ലാം ജീവിതത്തിൽ വെല്ലുവിളികൾ ഉയർത്തുന്നു. പലപ്പോഴും സ്ത്രീകൾ ഒരു നിശ്ചിത പ്രായത്തിന് മുൻപേ നിർബന്ധിതമായി വിവാഹത്തിലേക്ക് എത്തുന്നു. എന്നാൽ അത് പലപ്പോഴും അവരുടെ ജീവിതത്തിൽ വെല്ലുവിളികൾ ഉയർത്തുന്നു.
പെട്ടെന്നുള്ള വിവാഹം പലർക്കും ഒരു കുരുക്കായി പിന്നീട് തോന്നാറുണ്ട്. പങ്കാളിയെ കൃത്യമായി മനസിലാക്കാൻ സാധിക്കാതെ വരുന്നതോടെ ബന്ധം വഷളാവുകയും വിവാഹമേ വേണ്ട എന്ന തോന്നലിലേക്ക് എത്തുകയും ചെയ്യുന്നു.
അവിവാഹിതരായി തുടരുന്ന സുഹൃത്തുക്കളുടെ ആഘോഷങ്ങളും ജീവിതവും കാണുമ്പോൾ വിവാഹം വേണ്ടായിരുന്നുവെന്ന് പല സ്ത്രീകൾക്കും തോന്നുന്നു.
Discussion about this post