എറണാകുളം: ഫോർട്ട്‌കൊച്ചി – വൈപ്പിൻ റൂട്ടിലെ റോറോകളിൽ ഒന്ന് ഷെഡ്ഡിൽ കയറ്റിയതോടെ, ഇവിടുത്തെ യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഓണം സീസൺ കൂടി എത്തിയതോടെ, പ്രദേശത്ത് തിരക്ക് കൂടിയിരിക്കുകയാണ്. ഒരു റോറോ സർവീസ് മാത്രമാണ് നിലവിൽ പ്രദേശത്ത് സർവീസ് നടത്തുന്നത്.
ഈ പ്രശ്‌നത്തിന് പരിഹാരമായി മൂന്നാമത്തെ റോറോ ഒരഒ വർഷത്തിനകം സർവീസ് ആരംഭിക്കുമെന്ന് മേയർ എം അനിൽ കുമാർ അറിയിച്ചു. കേന്ദ്ര സംസ്ഥാന പദ്ധതിയായതിനാൽ, ഇതിന് മുടക്കം വരില്ല. ഫെബ്രുവരിയിൽ റോറോ നിർമാണം ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി സിഎംഎൽ 15 കോടി അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം കൊച്ചിൻ ഷിപ്പിയാർഡിനെ ഉൾപ്പെടുത്തി ധാരണാപത്രം ഒപ്പിട്ടിരുന്നു. ആദ്യ ഗഡുവായി മൂന്ന് കോടി രൂപ സിഎസ്എംഎൽ ഷിപ്പിയാർഡിന് കൈമാറിയിട്ടുണ്ട്. മൂന്നാമത്തെ സർവീസ് കൂടി വരുന്നത് പ്രദേശത്തെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് മേയർ കൂട്ടിച്ചേർത്തു.
സ്റ്റിയറിംഗ് തകരാറിലായതോടെയാണ് റോറോയുടെ സർവീസ് നിർത്തിവച്ചത്. വിദേശത്ത് നിന്നും എത്തിക്കുന്ന സ്റ്റിയറിംഗ് ആണ് റോറോയ്ക്കായി ഉപയോഗിക്കുന്നത്. ഇത് കൊച്ചിയിലെത്തിക്കാൻ രണ്ട് മാസം സമയമെടുക്കും. 34 ലക്ഷം രൂപയാണ് ഇതിന് ചിലവ് വരിക. അതുകൊണ്ട് തന്നെ ഇവിടുത്തെ മെക്കാനിക് തന്നെ സ്റ്റിയിംഗ് നന്നാക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കെഎസ്‌ഐഎൻസി അധികൃതർ വ്യക്തമാക്കി.
Discussion about this post