എറണാകുളം: സിനിമാ രംഗത്ത് പവർഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് തള്ളി താരസംഘടനയായ അമ്മ. പവർഗ്രൂപ്പും മാഫിയയും ഒന്നും ഇല്ലെന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിനിമാ രംഗത്ത് പവർഗ്രൂപ്പ് ഉള്ളതിനെക്കുറിച്ച് അറിയില്ല. ഇത്തരത്തിൽ ഒരു പവർഗ്രൂപ്പിനും സിനിമയെ നിയന്ത്രിക്കാൻ കഴിയില്ല. മാഫിയ എന്നത് അറിയാത്തത് കൊണ്ടാണ് അങ്ങിനെ പറയുന്നത്. പവർഗ്രൂപ്പിൽ ആരൊക്കെ ഉണ്ട് എന്ന് ഹേമ കമ്മിറ്റിയ്ക്ക് പറയാം. രണ്ട് മാസം മുൻപ് സംഘടനയിലെ അംഗങ്ങളെ ചേർത്ത് പവർ കമ്മിറ്റി രൂപീകരിച്ചു. ഇതേക്കുറിച്ച് മാത്രമേ തനിക്ക് അറിയൂ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്താൽ എടുക്കട്ടെ. ഭയമില്ല. കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കണം. പുകമറ സൃഷ്ടിച്ച് മറ്റുള്ളവരെ കൂടി നാണം കെടുത്തരുത്. ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ മൊത്തത്തിൽ കുറ്റപ്പെടുത്തരുത്.
2006ൽ നടന്ന സംഭവത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നു. അത് പക്ഷെ ഒഴിവാക്കി. അങ്ങിനെ ചെയ്യാൻ പാടില്ലായിരുന്നു. അമ്മയ്ക്ക് ലഭിച്ച ഏക പരാതി ആയിരുന്നു അത്. ഈ പരാതിയിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
Discussion about this post