തിരുവനനന്തപുരം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിരവധി പേരാണ് തങ്ങൾക്ക് സിനിമയിൽ ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. സംവിധായകൻ രഞ്ജിത്തിന് നേരെ വന്ന പരാതിയിൽ വ്യാപക വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇതിനിടെ, സിനിമാ മേഖലയിലുള്ള പ്രശ്‌നങ്ങളെ കുറിച്ച് നേരത്തെ തുറന്ന് പറഞ്ഞ നടി മീര ജാസ്മിന്റെ വാക്കുകളാണ് ചർച്ചയാകുന്നത്. സിനിമയിലെ പ്രശ്‌നങ്ങൾ ചർച്ചയാകുന്നതിന് വളരെ മുൻപായിരുന്നു നടിയുടെ വാക്കുകൾ.
സിനിമയിൽ അയ്യോ പാവം പോലെ ഇരിക്കുന്ന ആളല്ല താനെന്ന് മീര ജാസ്മിൻ പറഞ്ഞു. അച്ചടക്കം പാലിക്കാത്ത നടിയല്ല താൻ, തന്നേട് എന്തെങ്കിലും ഉദ്ദേശം ഉള്ളവർ, അത് നടക്കാതെ വരുമ്പോൾ പലതും പറഞ്ഞ് പ്രചരിപ്പിക്കും. മോശമായി തന്നോട് ആരെങ്കിലും പെരുമാറിയാൽ ശക്തമായി പ്രതികരിക്കും. ഒന്നിനും റിയാക്ട് ചെയ്യാതെ, പാവം പോലെ താൻ നിൽക്കാറില്ലെന്നും മീര വ്യക്തമാക്കി.
പുതിയ ആർട്ടിസ്റ്റുകൾ ആയതുകൊണ്ട് തന്നെ അവർക്ക് മറ്റ് വഴിയില്ലെന്ന് തോന്നുന്നതുകൊണ്ടാകാം എല്ലാ ചൂഷണങ്ങളും അംഗീകരിച്ച് കൊടുക്കുന്നത്. എന്നാൽ, അതൊന്നും അംഗീകരിച്ച് കൊടുക്കാൻ കഴിയില്ല. താൻ ഫൈറ്റ് ചെയ്യും. ദൈവമാകും തന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കുന്നതെന്നും മീര ജാസ്മിൻ കൂട്ടിച്ചേർത്തു.
നമ്മൾ അനുഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്ന ചിന്തയും തനിക്കില്ല. ആരുടെയും അടിമയാകാനല്ല, ജോലി ചെയ്യാനാണ് വരുന്നത്. തന്നെ മാറ്റി നിർത്തിയാൽ, അതും ദൈവമാണെന്നാണ് കരുതുന്നത്. അതിലും ഭയമില്ലെന്നും മീര പറഞ്ഞു.
Discussion about this post