കൊച്ചി; ഈ കഴിഞ്ഞ ദിവസമാണ് ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ ആത്മകഥയായ ‘ അഭിനയമറിയാതെ’ പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ജീവിതത്തിലും സിനിമയിലും പലപ്പോഴായി ഉണ്ടായ അനുഭവങ്ങളാണ് താരം ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമാലോകത്തെ ഓരോ അനുഭവങ്ങളും സിനിമാപ്രേമികളും ആരാധകരും ചർച്ചയാക്കുന്നുണ്ട്.
തന്റെ ശബ്ദത്തെ വെറുത്ത ഒരുകാലവും പെൺകുട്ടികളിൽ നിന്ന് മാറിനടന്ന ഒരു കാലവും തനിക്കുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ സിദ്ദിഖ് പറയുന്നുണ്ട്. പെൺകുട്ടികളുടെ സാന്നിധ്യത്തിൽ നിന്നും പരമാവധി മാറിനിന്ന ഒരു കാലം പിന്നിലുണ്ട്. എന്റെ ശബ്ദം പോലും അവർ കേൾക്കുന്നത് എനിക്ക് തന്നെ നാണക്കേടായി തോന്നിയിരുന്നു. കാലാന്തരത്തിൽ എന്റെ ശബ്ദത്തെ ചിലരെങ്കിലും പുകഴ്ത്തിയപ്പോൾ പഴയ എന്നെയോർത്ത് ഊറിച്ചിരിക്കാറുണ്ട്. കോളേജ് വരാന്തകളും ഹോസ്റ്റൽ ഇടനാഴികളും തന്നെയാണ് എന്നിലെ കലാകാരന് കാറ്റും വെളിച്ചവുമായത് എന്ന്’ താരം ആത്മകഥയിൽ കുറിച്ചിരിക്കുന്നു.
പത്താം ക്ലാസ് കഴിഞ്ഞ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സിന് കളമശ്ശേരി പോളിടെക്‌നിക്കിൽ ചേർന്നു. ഫസ്റ്റ് ഇയറിൽ കോളേജിൽ ആർക്കുമെന്നെ അറിയില്ല. ഒതുങ്ങിക്കൂടി എന്നുതന്നെ പറയാം. ഏഴാം ക്ലാസ് വരെയാണ് ഞാൻ പെൺകുട്ടികൾക്കൊപ്പം ക്ലാസിലിരുന്നത്. കെപിഎംഎച്ച് സ്‌കൂൾ മിക്‌സ്ഡ് ആയിരുന്നെങ്കിലും ക്ലാസിൽ ആൺകുട്ടികൾ മാത്രരമേ ഉണ്ടായിരുന്നുള്ളൂ. അറബി ക്ലാസിൽ പക്ഷേ ആൺകുട്ടികളും ഒരുമിച്ചായിരിക്കും.നാലാം ക്ലാസ് വരെ മാത്രമാണ് ഞാൻ മലയാളം പഠിച്ചത്. അഞ്ചുമുതൽ അറബിയായിരുന്നു.
കോളേജിൽ പെൺകുട്ടികളുമായി വലിയ സൗഹൃദത്തിനൊന്നും പോയിരുന്നില്ല. പെൺകുട്ടികൾ എന്റെ ശബ്ദം കേൾക്കുമോ എന്നതായിരുന്നു എന്നത്തെ ഏറ്റവും വലിയ ടെൻഷൻ തന്നെ. അത് വലിയ നാണക്കേടായാണ് തോന്നിയത്. അതുകൊണ്ട് അവരുടെ സാന്നിധ്യത്തിൽ നിന്ന് പരമാവധി മാറിനിൽക്കാൻ ശ്രമിച്ചു. അതെന്തിനായിരുന്നുവെന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല. ഇന്നിപ്പോൾ എന്റെ ശബ്ദം നല്ലതാണെന്ന് പറയുമ്പോൾ ആ പഴയകാലം ഓർക്കാറുണ്ടെന്ന്.. താരം കുറിക്കുന്നു. ഞാൻ വെറുത്ത എന്റെ ശബ്ദം എന്ന അദ്ധ്യായത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
അതേസമയം യുവനടിയുടെ പീഡനപരാതിയിൽ നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. സംഘടനാ പ്രസിഡന്റ് മോഹൻലാലിന് സിദ്ദിഖ് ഇമെയിലായി രാജിക്കത്ത് സമർപ്പിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്വമേധയാ രാജിവയ്ക്കുന്നു എന്നാണു സിദ്ദിഖ് മോഹൻലാലിന് അയച്ച കത്തിലുള്ളത്. ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് അടുപ്പമുള്ളവരെ അറിയിച്ചു.
Discussion about this post