എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത് 21 പേരെന്ന് റിപ്പോർട്ട് പുറത്ത്. നടൻമാരായ സിദ്ദിഖ്, നാദിർഷ, ഇടവേള ബാബു, നടിമാരായ ബിന്ദു പണിക്കർ, ഭാമ എന്നിവരാണ് കൂറ് മാറിയത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവവൈരാഗ്യമുണ്ടായതായി പോലീസിന് ഇവർ മൊഴി നൽകിയിരുന്നു. എന്നാൽ, കോടതിയിലെത്തിയതോടെ ഇവർ നൽകിയ മൊഴി നിഷേധിക്കുകയായിരുന്നു.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് പൂർവവൈരാഗ്യം ഉണ്ടായിരുന്നു. നടി തന്റെ ജീവിതം തകർത്തവളാണ്. അവരെ പച്ചക്ക് കത്തിക്കുമെന്നും ദിലീപ് പറഞ്ഞിട്ടുണ്ടെന്ന് ഭാമ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ, േകാടതിയിലെത്തിയപ്പോൾ നടി മൊഴി മാറ്റി.
ദിലീപിന് നടിയോട് പൂർവ വൈരാഗ്യമുണ്ടായിരുന്നതായി സിദ്ദിഖും പോലീസിന് മൊഴി നൽകിയിരുന്നു. കൊച്ചിയിലെ അമ്മയുടെ റിഹേഴ്‌സൽ ക്യാമ്പിൽ ദിലീപ് ഇതിനെ പറ്റി പറഞ്ഞിരുന്നു. നേരിൽ കണ്ടാൽ നടിയെ തല്ലുമെന്നും ദിലീപ് പറഞ്ഞിരുന്നതായി സിദ്ദിഖ് മൊഴി നൽകിയിരുന്നു. എന്നാൽ, അദ്ദേഹം കോടതിയിൽ മൊഴി മാറ്റി.
തന്റെ അവസരങ്ങൾ ദിലീപ് ഇല്ലാതാക്കുന്നതായി ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നതായി ആണ് ഇടവേള ബാബു പോലീസിൽ മൊഴി നൽകിയിരുന്നത്. ദിലീപിന് നടിയോട് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇടവേള ബാബു മൊഴി നൽകി. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതികളായ പൾസർ സുനിയും വിഷ്ണുവും തന്നെ വിളിച്ചിരുന്നതായി ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ നാദിർഷ സ്ഥിരീകരിച്ചിരുന്നു. ദിലീപിന് നടിയോട് പൂർവവൈരാഗ്യം ഉണ്ടായിരുന്നതായി ബിന്ദു പണിക്കരും മൊഴി നൽകിയിരുന്നു. എന്നാൽ, ഇവരെല്ലാം കോടതിയിലെത്തിയപ്പോൾ കൂറ് മാറുകയായിരുന്നു.
Discussion about this post