കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിൽ മേൽ സംസ്ഥാനത്ത് ചർച്ച കൊഴുക്കുന്നതിനിടെ മോളിവുഡിലെ പ്രമുഖ നടൻമാർക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ രംഗത്ത്. നടനും എംഎൽഎയുമായ മുകേഷ് ,മണിയൻപിള്ള. ഇടവേള ബാബു,ജയസൂര്യ എന്നിവരിൽ നിന്നും വാക്കാലും ശാരീരികവുമായ അതിക്രമങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് നടി കുറ്റപ്പെടുത്തി.
2013 ആയപ്പോളേക്കും താൻ 6 സിനിമകളിൽ അഭിനയിച്ചു. 3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും.അമ്മയുടെ മെമ്പർഷിപ്പിന് വേണ്ടി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ കലൂരിലെ ഫ്ളാറ്റിലേക്ക് വരാനാണ് പറഞ്ഞത്. ഫോമിൽ ഒപ്പിടണമെന്ന് പറഞ്ഞാണ് വിളിച്ചത്. ഒപ്പിടാൻ വേണ്ടി കുനിഞ്ഞപ്പോൾ അദ്ദേഹം കഴുത്തിൽ വന്ന് ഉമ്മ വെച്ചു. താൽപര്യമില്ലെന്ന് പറഞ്ഞ് തട്ടിയപ്പോൾ ഒന്ന് സഹകരിച്ചൂടേ, ഞാൻ കല്യാണം പോലും കഴിക്കാതെ നിൽക്കുകയല്ലേന്ന് പറഞ്ഞു. എന്റെ കൂടെ നിന്നാൽ ഒരുപാട് നേട്ടമുണ്ടാവും. സ്റ്റേജ് പ്രോഗ്രാമുകൾക്ക് കൊണ്ട് പോകാം, ഒത്തിരി പണം ഉണ്ടാക്കാൻ സാധിക്കുമെന്നും ഒക്കെയാണ് ഇടവേള ബാബു പറഞ്ഞത്. എന്നാൽ ഞാനവിടെ നിന്നും ഓടി പോവുകയാണ് ചെയ്തതെന്ന് മിനു പറയുന്നു.
പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി. പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരും മോശമായി പെരുമാറി. പിന്നീട് അമ്മയിൽനിന്ന് ഒരാൾ വിളിച്ച് ഇപ്പോൾ അംഗത്വം തരാൻ കഴിയില്ലെന്ന് അറിയിച്ചു. ഇതിനുശേഷം എല്ലാം മടുത്താണു ചെന്നൈയിലേക്കു പോയതെന്നും നടി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.
Discussion about this post