ബഹിരാകാശ ഏജൻസികൾ പകർത്തുന്ന ചിത്രങ്ങൾക്ക് പ്രിയമേറെയാണ്. ഈയടുത്ത് ബഹിരാകാശത്ത് നിന്നും നാസയെടുത്ത ഭൂമിയുടെ മുകളിൽ നീല വളയം പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ ഇത്തരത്തിൽ വൈറലായിരുന്നു. ഇപ്പോഴിതാ പസഫിക് സമുദ്രത്തിന്റെ മുകളിൽ നിന്നുള്ള ചന്ദ്രന്റെ ചിത്രമാണ് ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.
പസഫിക് സമുദ്രത്തിന്റെ മുകളിൽ കാണുന്ന ചന്ദ്രന്റെ അതിമനോഹരമായ ചിത്രം പകർത്തിരിക്കുന്നത് അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയാണ്. നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യു ഡൊമനിക് ആണ് ചിത്രം പകർത്തിയത്. ‘പസഫിക് സമുദ്രത്തിലേയ്ക്ക് താഴുവാനൊരുങ്ങുന്ന ചന്ദ്രൻ എന്ന കാപ്ഷനോടെയാണ് മാത്യു ഡൊമനിക് എക്‌സിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഹവായ് ദ്വീപുകൾക്കടുത്തുള്ള ഉഷ്ണമേഖല കൊടുങ്കാറ്റ് ചിത്രീകരിക്കാനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒബ്‌സർവേറ്ററി മൊഡ്യൂളിലേയ്ക്ക് പോയതായിരുന്നു. കാറ്റ് കടന്നുപോയതും ചന്ദ്രൻ അവിടെ പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് ഫോട്ടോ എടുത്തതെന്നും അദ്ദേഹം കുറിച്ചു.
നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായത്. നിരവധി പേരാണ് ഫോട്ടോയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. മുമ്പും ഏറെ മനോഹരമായ ചിത്രങ്ങൾ പകർത്തി പ്രസിദ്ധിയാർജിച്ച വ്യക്തിയാണ് മാത്യു ഡൊമനിക്.
Discussion about this post