എറണാകുളം: കാസ്റ്റിംഗ് ഡയറക്ടർ വിച്ചുവിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ് സന്ധ്യ. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണെങ്കിൽ മാത്രമേ സിനിമയിൽ വേഷം ലഭിക്കുകയുള്ളുവെന്ന് വിച്ചു പറഞ്ഞതായി സന്ധ്യ സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി. സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും യുവതി വ്യക്തമാക്കി.
സിനിമാ മേഖലയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ട്. ഒരു വർഷമായി താൻ ജൂനിയർ ആർട്ടിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അഭിനയം തന്റെ പാഷൻ ആണ്. അഭിനയത്തിനായി ബന്ധപ്പെട്ടവരുമായി സംസാരിക്കുമ്പോൾ അവർ ഫോട്ടോസ് ചോദിക്കും. എന്നാൽ കഥാപാത്രത്തെക്കുറിച്ചോ, പ്രൊജക്ടിനെക്കുറിച്ചോ ചോദിച്ചാൽ അവർ ഒന്നും പറയുകയില്ല.
ഫോട്ടോ കണ്ടാൽ അടുത്തതായി അവർ എക്‌സ്‌പോസിംഗ് വസ്ത്രങ്ങൾ ധരിക്കാൻ തയ്യാറാണോ എന്ന് ചോദിക്കും. അത്തരത്തിലുള്ള സീനുകൾ അഭിനയിക്കാൻ തയ്യാറാണോ എന്ന് ചോദിക്കും. ഇത് പറ്റില്ലെന്ന് പറഞ്ഞാൽ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാണോ എന്നതാണ് അടുത്ത ചോദ്യം. അങ്ങിനെ ആണെങ്കിൽ മാത്രമേ നമുക്ക് അഭിനയിക്കാൻ അവസരം ലഭിക്കുകയുള്ളൂ. അല്ലെങ്കിൽ പാഷനും പിടിച്ച് വീട്ടിൽ ഇരിക്കണം എന്നും സന്ധ്യ പറഞ്ഞു.
വേതനം ലഭിക്കുന്നതിലും വലിയ ബുദ്ധിമുട്ടുകളാണ് നേരിടാറുള്ളത്. തുച്ഛമായ ശമ്പളമാണ് ലഭിക്കുക. ഒരു പരസ്യചിത്രത്തിൽ അഭിനയിക്കാൻ 8000 രൂപ ആയിരുന്നു നൽകാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാൽ 2500 രൂപയാണ് നൽകിയതെന്നും സന്ധ്യ വ്യക്കമാക്കി.
Discussion about this post