എറണാകുളം: ചൈന ടൗൺ എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത് മോഹൻലാലിന്റെ ഇടപെടലിനെ തുടർന്നാണെന്ന് യുവനടി ശിവാനി. കതകിൽ തട്ടിയ നടൻ തന്റെ അവസരം ഇല്ലാതെ ആക്കാൻ നോക്കി. ആന്റണി പെരുമ്പാവൂരിനോട് പറഞ്ഞ് എല്ലാം ശരിയാക്കിയത് മോഹൻലാൽ ആണെന്നും ശവാനി പറഞ്ഞു. ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം.
ഒരു നടൻ കതകിൽ തട്ടും ഓടും. ഇത് പല തവണ ആവർത്തിച്ചു. ഇത് അമ്മ കണ്ടു. ഇതോടെ ഞങ്ങൾ പ്രൊഡ്യൂസറോട് പറഞ്ഞു. ഇതൊന്നും മനസിൽവച്ച് നടക്കേണ്ട കാര്യമില്ലാലോ. പ്രതികരിക്കണം എന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്. എന്നാൽ ഇതിന് ശേഷം തനിക്ക് ഒരു പടവും ഉണ്ടായില്ല. പ്രതികരിച്ചതാണോ അതിന് കാരണം ആയത് എന്ന് തനിക്ക് അറിയില്ല. എന്തായാലും കുറേ കാലം ഈ സ്ഥിതി തുടർന്നുവെന്നും നടി പറഞ്ഞു.
പിന്നീട് ഒന്നര കൊല്ലത്തിന് ശേഷം ചൈന ടൗൺ എന്ന സിനിമയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചു. രണ്ടോ മൂന്നോ സീനുകളേ ഉള്ളൂ. ചെറിയ കഥാപാത്രം ആണെന്ന് പറഞ്ഞിരുന്നു. ഹൈദരാബാദിലേക്ക് ഉടൻ വരണമെന്നും ഇന്ന് തന്നെ ഷൂട്ട് ഉണ്ടാകും എന്നുമായിരുന്നു തന്നോട് പ്രൊഡ്യൂസർ പറഞ്ഞത്. എന്നാൽ വിമാനത്താവളത്തിൽ എത്തിയപ്പോൾ അവിടെ വച്ച് വാതിലിൽ മുട്ടിയ നടനെ കണ്ടു.
കഴിഞ്ഞതൊന്നും താൻ മനസിൽ വച്ചില്ല. അങ്ങോട്ട് പോയി സംസാരിച്ചു. കുറച്ച് കഴിഞ്ഞ് നേരം കഴിഞ്ഞപ്പോൾ ഫോണിൽ അയാൾ തിരക്കിട്ട് ആരെയൊക്കെയോ വിളിക്കുന്നത് കണ്ടു. ഉച്ചയ്ക്ക് ശേഷം ഷൂട്ട് എന്ന് പറഞ്ഞാണ് തന്നെ വിളിപ്പിച്ചത്. എന്നാൽ രണ്ട് ദിവസം ഷൂട്ടേ ഉണ്ടായിരുന്നില്ല. വെറുതെ ഇരുന്നു. മൂന്ന് ദിവസം കഴിഞ്ഞു. നാലാം ദിവസം പോയി അഭിനയിച്ചു.
ഇതിന് ശേഷം ആന്റണി ചേട്ടൻ എന്നോട് ചോദിച്ചു. നിങ്ങൾക്കും നടനും തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് . നീ ഇവിടെ എത്തിയത് മുതൽ അഭിനയിപ്പിക്കരുത് എന്ന് പറഞ്ഞ് അയാൾ സെറ്റിലേക്ക് വിളിക്കുകയാണെന്നും അതുകൊണ്ടാണ് ഷൂട്ട് വൈകിയത് എന്നും പറഞ്ഞു. നിന്നെ അഭിനയിപ്പിച്ചാൽ തിയറ്ററിൽ ആളുകൾ കൂവു എന്നും അയാൾ പരിഹസിച്ചുവെന്നും നടൻ പറഞ്ഞതായ് അദ്ദേഹം പറഞ്ഞു.
പിന്നെ എന്തുകൊണ്ടാണ് തന്നെ അഭിനയിപ്പിച്ചത് എന്ന് താൻ തിരിച്ച് ചോദിച്ചു. അപ്പോൾ ആന്റണി ചേട്ടൻ പറഞ്ഞത് ലാൽ സാർ പറഞ്ഞിട്ടാണ് എന്നായിരുന്നു. അതൊരു പെൺകുട്ടിയാണ്. അതിനെ ഇത്ര ദൂരം വിളിച്ചുവരുത്തി തിരിച്ച് വിടാൻ കഴിയില്ല. അത് ആ കുട്ടിയ്ക്ക് നാണക്കേട് ആണ്. നമുക്ക് അവരുടെ സാമ്പത്തിക സ്ഥിതി അറിയില്ല. ഈ പണം കൊണ്ട് ഒരുപാട് കാര്യം അതിന് ചെയ്യാൻ ഉണ്ടാകും. കിട്ടില്ലെന്ന് അറിയുമ്പോൾ ആ കുട്ടിയുടെ മനസ് വിഷമിക്കും. ആ ശാപം നമുക്ക് കിട്ടരുത് എന്നും മോഹൻലാൽ പറഞ്ഞിരുന്നുവെന്നും നടി കൂട്ടിച്ചേർത്തു.
Discussion about this post