എറണാകുളം: തന്നോട് മോശമായി പെരുമാറിയത് ജയസൂര്യയല്ലെന്ന് ജൂനിയർ ആർട്ടിസ്റ്റ് സോണിയ മൽഹാർ. തന്റെ പ്രതികരണത്തിന് പിന്നാലെ പല നടന്മാരുടെയും പേരുകൾ ഉയർന്നുവന്നതിൽ വിഷമമുണ്ടെന്ന് നടി പറഞ്ഞു. നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജയസൂര്യയാണ് മോശമായി പെരുമാറിയത് എന്ന തരത്തിൽ വാർത്തകളും സമൂഹമാദ്ധ്യമ പോസ്റ്റുകളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടി ജയസൂര്യയിൽ നിന്നല്ല മോശം അനുഭവം ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
തന്റെ വെളിപ്പെടുത്തലിന് പിന്നാലെ പല നടന്മാരുടെയും പേരുകൾ ഉയർന്നുവന്നിരുന്നു. ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ കേട്ടു. സത്യത്തിൽ ഇതെല്ലാം കേൾക്കുമ്പോൾ ഭയങ്കര വിഷമമുണ്ട്. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.
തനിക്ക് ആരെയും ഭയമില്ല. തനിക്ക് വലിയ മാനസിക സമ്മർദ്ദത്തിലൂടെ കടന്ന് പോകാൻ കഴിയില്ല. അതുകൊണ്ടാണ് നിയമനടപടികൾക്കൊന്നും നിൽക്കാത്തത്. ആരുടെയും പേര് പറഞ്ഞ് ആയാളെ പൊതുജനങ്ങൾക്ക് മുൻപിൽ നിർത്താൻ തനിക്ക് താത്പര്യം ഇല്ലെന്നും സോണിയ മൽഹാർ കൂട്ടിച്ചേർത്തു.
നടിയുടെ പ്രതികരണത്തിന് പിന്നാലെ ജയസൂര്യയുടെ പേര് ആയിരുന്നു കൂടുതൽ ഉയർന്ന് കേട്ടത്. വെളിപ്പെടുത്തലിനിടെ നടി പറഞ്ഞ കാര്യങ്ങൾ ജയസൂര്യയിലേക്ക് വിരൽചൂണ്ടുന്നത് ആയിരുന്നു. എന്നാൽ ഇതിന് തൊട്ട് പിന്നാലെ ജയസൂര്യയ്‌ക്കൊപ്പം നടി നിൽക്കുന്ന നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു.
Discussion about this post