ധാക്ക; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെ താഴെ ഇറക്കിയതിന് പിന്നാലെ അസ്വഭാവിക നടപടികളുമായി ബംഗ്ലാദേശ് ഇടക്കാല സർക്കാർ. അൽഖ്വയ്ദയുടെ പോഷക സംഘടനയായ അൻസറുല്ല ബംഗ്ലാ ടീമിന്റെ തലവനായ കൊടും ഭീകരനെ ബംഗ്ലാദേശ് വെറുതെ വിട്ടു. ഭീകരസംഘടന തലവൻ ജാഷിമുദ്ദീൻ റഹ്മാനിയെയും കൂട്ടാളികളെയുമാണ് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ കാവൽ സർക്കാർ പുറത്തുവിട്ടത്. രാജ്യത്തിന്റെ ക്രമസാമാധാനനില പാടെ തകർന്നുകിടക്കുന്ന ഈ സാഹചര്യത്തിൽ കൊടും ഭീകരനെയും സംഘത്തെയും വെറുതെ വിട്ടത് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകാനാണ് വഴിവയ്ക്കുകയെന്നാണ് രാഷ്ട്രീയവിദഗ്ധരുടെ നിരീക്ഷണം.
റഹാമാനിയുടെ മോചനത്തിൽ പ്രൊസിക്യൂഷൻ അഭിഭാഷകരും തീവ്രവാദ വിരുദ്ധ ഉദ്യോഗസ്ഥരും ആശങ്ക പ്രകടിപ്പിച്ചു. ഇയാളുടെ മോചനം ഭീകരവാദ ഭീഷണി വർദ്ധിപ്പിക്കുമെന്നും ഭീകരവിരുദ്ധ നിയമപ്രകാരം ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളുടെ വിചാരണയിൽ തടസ്സം സൃഷ്ടിക്കുമെന്നും വിദഗ്ധർ പറയുന്നു. 2013 ഓഗസ്റ്റ് 12-ന്, ആളുകളെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ബർഗുനയിൽ വെച്ച് റഹ്മാനി അറസ്റ്റിലായി. അൻസറുല്ല ബംഗ്ലാ ടീമിലെ 30 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 2013ൽ അറസ്റ്റിലായതു മുതൽ റഹ്മാനി ജയിലിലാണ്. ആറ് വ്യത്യസ്ത കേസുകൾ നേരിടുന്ന ഇയാൾക്കെതിരെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2017ൽ ഇന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ച അഞ്ച് എബിടി ഭീകരർ അസമിൽ പിടിയിലായിരുന്നു. 2022 ജൂലൈയിൽ, എബിടിയുമായി ബന്ധമുള്ള രണ്ട് മൊഡ്യൂളുകൾ അസമിൽ സൈന്യം തകർത്തിരുന്നു. 2022ൽ വീണ്ടും എബിടിയുമായി ബന്ധമുള്ള രണ്ട് ഇമാമുമാർ അറസ്റ്റിലായി. അൻസറുല്ല ബംഗ്ലാ ടീമിനും (എബിടി) ഇസ്ലാമിക് ഭീകര സംഘടനയായ അൽ ഖ്വയ്ദ, ഇന്ത്യയ്‌ക്കെതിരായ ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണ് രണ്ട് ഇമാമുമാരെ അസമിലെ ഗോൾപാറ പോലീസ് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തതിന് ശേഷം തിലപ്പാറ നാത്തുൻ മസ്ജിദ് ഇമാം ജലാലുദ്ദീൻ ഷെയ്ഖ് (49), മൊർനോയിയിലെ ടിങ്കുനിയ ശാന്തിപൂർ മസ്ജിദ് ഇമാം അബ്ദുസ് സുബ്ഹാൻ (43) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ട് ഇമാമുമാരുടെ വസതികളിൽ പരിശോധന നടത്തിയപ്പോൾ, അൽ ഖ്വയ്ദ ഇന്ത്യഘടകം (എക്യുഐഎസ്), ജിഹാദി സാഹിത്യങ്ങൾ, പോസ്റ്ററുകൾ, പുസ്തകങ്ങൾ, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, ഐഡി എന്നിവയുൾപ്പെടെയുള്ള മറ്റ് വസ്തുക്കളുമായി ബന്ധപ്പെട്ട ഗണ്യമായ തെളിവുകൾ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. അറസ്റ്റിലായ രണ്ടുപേരും ബാർപേട്ടയിലെയും മോറിഗാവിലെയും അൻസറുല്ല ബംഗ്ലാ ടീം (എബിടി) യൂണിറ്റുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
ബംഗ്ലാദേശി കുടിയേറ്റക്കാരുടെ നിരവധി ജിഹാദി മൊഡ്യൂളുകൾ പോലീസ് തകർത്തതായി 2022 ഓഗസ്റ്റിൽ അസം മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു . കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാനത്ത് എബിടിയുടെ അഞ്ച് മൊഡ്യൂളുകളാണ് പിടികൂടിയത്. അസം പോലീസും കേന്ദ്ര ഏജൻസികളും ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംഘങ്ങളെ പിടികൂടിയത്.
Discussion about this post